ഭർതൃ പീഡനത്തെ തുടർന്ന് മലപ്പുറത്ത് നവവധു ഷഹാന മുംതാസ് ജീവനൊടുക്കിയ സംഭവത്തിൽ അബ്ദുൽ വാഹിദിനെതിരേയും കുടുംബത്തിനെതിരെയും കൂടുതൽ ആരോപണങ്ങൾ. കല്യാണം കഴിഞ്ഞ് 20 ദിവസം കഴിഞ്ഞ് വിദേശത്ത് പോയതിന് ശേഷമാണ് കുട്ടിയുടെ നിറം പ്രശ്നമാണെന്ന് പറഞ്ഞ് ഭർത്താവ് അബ്ദുൽ വാഹിദ് വിളിച്ചതെന്ന് ഷഹാന മുംതാസിന്‍റെ ബന്ധു ആരോപിച്ചിരുന്നു.
ഇപ്പോഴിതാ ഷഹാനയുടെ അയല്‍വാസിയുടെ ഫെയ്സ്ബുക്ക് കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. പഠിക്കാനൊക്കെ മിടുക്കിയായ സുന്ദരിയായ ഒരു പെൺകുട്ടിയായിരുന്നു ഷഹാനയെന്നും നാട്ടിലുണ്ടായിരുന്നപ്പോൾ ചെറുക്കന് കുട്ടിയെ കുറിച്ച് ഒരു പരാതിയും ഇല്ലായിരുന്നുവെന്നും വിദേശത്ത് പോയപ്പോഴാണ് കുട്ടി നിറം പോരാ സൗന്ദര്യം പോരാ എന്നൊക്കെ തോന്നിയതെന്നും അയല്‍വാസിയായ മുജീബ് ഫെയ്സ്ബുക്കില്‍ കുറിക്കുന്നു. നവ വധുവായി കതിർമണ്ഡപത്തിൽ നിൽക്കുന്ന മകൾക്ക് പകരം വെള്ളത്തുണിയിൽ മൂടിപ്പുതച്ച മകളുടെ മയ്യത്താണ് ആ പിതാവിന് കാണാൻ കഴിഞ്ഞതെന്നും പടച്ചവനെ എന്തൊരു ലോകമാണ് നമ്മുടേതെന്നും നെഞ്ചുലഞ്ഞ് മുജീബ് ചോദിക്കുന്നു.
കുറിപ്പ്
തൊട്ടടുത്ത വീട്ടിലെ കുട്ടിയാണ് .മനസ്സ് വല്ലാതെ മരവിച്ചു പോയിരിക്കുന്നു. പഠിക്കാനൊക്കെ മിടുക്കിയായ സുന്ദരിയായ ഒരു പെൺകുട്ടി. ഷാനയെക്കുറിച്ച് എനിക്ക് ഇപ്പോഴും ഓർമ്മയിൽ വരുന്നത് എന്‍റെ മകളുടെ കൂടെ യുപി സ്കൂളിൽ പഠിക്കുമ്പോൾ സബ് ജില്ലയിൽ ഒരു നൃത്ത മത്സരത്തിൽ പങ്കെടുത്ത ഓർമ്മകളാണ് . വിവാഹം കഴിഞ്ഞു അല്ലെങ്കിൽ വിവാഹം കഴിച്ചു എന്ന് ഒറ്റ കാരണത്താൽ മരണം വരിക്കേണ്ടിവന്ന കുഞ്ഞു മോള് .
വല്ലാത്തൊരു വിധി. ഒന്നെങ്കിൽ വിവാഹം കഴിക്കുന്ന ചെറുക്കന് വധുവിനെ സംരക്ഷിക്കാനുള്ള മനസ്സുവേണം. അല്ലെങ്കിൽ വീട്ടുകാർക്ക് കേറിവരുന്ന പെൺകുട്ടിയെ മകളായി കാണാനുള്ള സംസ്കാരവും വിവേകവും വേണം. ഇത് രണ്ടും ഇല്ലാത്ത ഒരു കുടുംബമായിപ്പോയി , കുട്ടിയെ പത്തൊമ്പതാമത്തെ വയസ്സിൽ കല്യാണം കഴിച്ചു കൊടുത്തു എന്ന് പറയുന്നവരൊക്കെ ഉണ്ടാവും പക്ഷേ, പെൺകുട്ടികൾക്ക് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ നല്ല ബന്ധങ്ങൾ വരുമ്പോൾ വിവാഹം കഴിച്ചു കൊടുക്കുക അല്ലെങ്കിൽ നിക്കാഹ് ചെയ്തു കൊടുക്കുക എന്നത് നമ്മുടെ നാട്ടിലൊക്കെ പതിവാണ് . ഈ കുട്ടിയുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത് നിക്കാഹ് കഴിഞ്ഞതിനുശേഷംവരൻ വിദേശത്തേക്ക് പോകുന്നു
കുട്ടി ഡിഗ്രി കോഴ്സ് പൂർത്തിയാക്കിയിട്ട് വിവാഹം കഴിക്കാം എന്ന തീരുമാനവും ആയിരുന്നു ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു. നാട്ടിലുണ്ടായിരുന്നപ്പോൾ ചെറുക്കന് കുട്ടിയെ കുറിച്ച് ഒരു പരാതിയും ഇല്ലായിരുന്നു . വിദേശത്ത് പോയപ്പോഴാണ് കുട്ടി നിറം പോരാ സൗന്ദര്യം പോരാ എന്നൊക്കെ തോന്നിയത്, അതിന് നിരന്തരം ഫോൺ വിളിച്ച് മാനസികമായിട്ട് കുട്ടിയെ തളർത്തി കൊണ്ടിരിക്കുകയായിരുന്നു കുട്ടിയുടെ പിതാവ് വിദേശത്തായിരുന്നു ഇന്നലെ പുലർച്ചെ 3:00 മണിക്കാണ് നാട്ടിലെത്തിയത് . നിക്കാഹ് കഴിഞ്ഞ് വിദേശത്തേക്ക് പോയതാണ് കല്യാണം അടുപ്പിച്ച് നാട്ടിലേക്ക് വരാമല്ലോ എന്ന് വിചാരിച്ചിട്ടായിരുന്നു പോയത് .നവ വധുവായി കതിർമണ്ഡപത്തിൽ നിൽക്കുന്ന മകൾക്ക് പകരം വെള്ളത്തുണിയിൽ മൂടിപ്പുതച്ച മകളുടെ മയ്യത്താണ് ആ പിതാവിന് കാണാൻ കഴിഞ്ഞത് ,പടച്ചവനെ എന്തൊരു ലോകമാണ് നമ്മുടേത് എന്തോരം തരം മനുഷ്യരാണ് ചുറ്റും.