muralee-thummarukudy-fb-post-about-kerala-flood

മഹാപ്രളയം വീണ്ടും വരും എന്ന മുന്നറിയിപ്പോടെ താന്‍ ചെയ്ത വിഡിയോ 1000 പേര് പോലും തികച്ച് കണ്ടില്ലെന്ന നീരസവുമായി മുരളി തുമ്മാരുകുടി. 100 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുണ്ടാകുന്ന വലിയ പ്രളയം, കാലാവസ്ഥാ വ്യതിയാനത്തിന്‍റെ സാഹചര്യത്തില്‍ 40 വര്‍ഷത്തില്‍ ഒരിക്കല്‍ എന്നതിലേക്ക് മാറിയെന്നും, ഈ നൂറ്റാണ്ടില്‍ തന്നെ വീണ്ടും ഒരു പ്രളയം വന്നേക്കാമെന്നുമാണ് തുമ്മാരുകുടി പറയുന്നത്. 

ഇത്ര ഗൗരവമുള്ളൊരു വിഷയം പോലും കേള്‍ക്കാന്‍ താല്‍പ്പര്യമില്ലാത്ത തരത്തിലേക്ക് ജനങ്ങളുടെ ചിന്താഗതി മാറി എന്നതാണ് അദ്ദേഹം ഈ പോസ്റ്റിലൂടെ ഉദ്ദേശിക്കുന്നത്.  ഈ വിഡിയോ ഇട്ടിട്ടും കാര്യമുണ്ടായില്ല, ആയിരം ആളുകൾ പോലും കണ്ടില്ല എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചത്.  ആളുകള്‍ക്ക് 'സമാധി' വാര്‍ത്തകളില്‍ ആണ് താല്‍പര്യം, ദുരന്തങ്ങൾ ഉണ്ടായ ശേഷം നമുക്ക് ചർച്ച ചെയ്താൽ പോരെ തുടങ്ങി ജനങ്ങളുടെ ചിന്താഗതിയെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്‍റുകളാണ് ഈ പോസ്റ്റിന് താഴെ വരുന്നവയില്‍ അധികവും. 

കേരളത്തില്‍ അശാസ്ത്രീയമായി നഗരങ്ങളും ഗ്രാമങ്ങളും നിര്‍മ്മിച്ചിരിക്കുന്നത് മൂലം ചെറിയ വെള്ളപ്പൊക്കങ്ങള്‍ സാധാരണയായി മാറിയെന്ന് മുരളി തുമ്മാരുകുടി ഈ വിഡിയോയില്‍ പറയുന്നു. അര മണിക്കൂര്‍ ശക്തമായി മഴ പെയ്താല്‍ എറണാകുളം വെള്ളക്കെട്ടിലാവും.

നിലമ്പൂരും കാഞ്ഞിരപ്പള്ളിയും പോലും പെട്ടെന്ന് വെള്ളത്തിലാകുന്ന സാഹചര്യമുണ്ട്. വെള്ളത്തിന്‍റെ ഒഴുക്ക് നഷ്ടപ്പെടുന്ന തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനം മൂലം മിന്നല്‍ പ്രളയത്തിന്‍റെ സാധ്യത കൂടിവരുകയാണ്. എറണാകുളത്തിന്‍റെ മൂന്നിലൊന്ന് ഭാഗങ്ങളെങ്കിലും, സ്ഥിരമായി മിന്നല്‍ പ്രളയങ്ങളുടെ പ്രദേശങ്ങളായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. 

ENGLISH SUMMARY:

Muralee Thummarukudy fb post about kerala flood