പന്തളം പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പിതാവിന്‍റെ കൈപിടിച്ച് ഒരു പതിനാലുകാരൻ സങ്കടം നിറഞ്ഞ മുഖത്തോടെ എത്തിയത്. കുളനട ഗവണ്മെന്റ് ഹൈസ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് കൂടിയായ ആ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി തന്‍റെ വലിയൊരു സങ്കടത്തിനു പരിഹാരം തേടിയാണ് സ്റ്റേഷനിലേക്ക് എത്തിയത്. ഒരു വർഷമായി ഒപ്പമുണ്ടായിരുന്ന സൈക്കിൾ കഴിഞ്ഞ 24 വെള്ളിയാഴ്ച മുതൽ കാണാനില്ല എന്നതായിരുന്നു പരാതി.
അഭിജിത്തിന് വല്ലാത്ത ആത്മബന്ധമുണ്ടായിരുന്നു ആ സൈക്കിളുമായി. അതിലായിരുന്നു സ്കൂളിൽ പോകുന്നതും വരുന്നതും. വീട്ടുമുറ്റത്ത് വച്ച സൈക്കിൾ ആരോ മോഷ്ടിച്ചുകൊണ്ടുപോയതായും, എങ്ങനെയെങ്കിലും കണ്ടെത്തി നൽകണമെന്നുമായിരുന്നു ആവശ്യം. സ്കൂളിൽ പോകാതെ, ഭക്ഷണം കഴിക്കാതെ കരഞ്ഞുകൊണ്ടിരിക്കുന്ന മകന്‍റെ അവസ്ഥ പിതാവ് പൊലീസ് ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തി.
ഇരുവരെയും ആശ്വസിപ്പിച്ച പൊലീസ്, സൈക്കിൾ കണ്ടെത്തി തന്നിരിക്കും എന്ന് അഭിജിത്തിന് ഉറപ്പുകൊടുത്താണ് യാത്രയാക്കിയത്. ഉദ്യോഗസ്ഥരുടെ വാക്കു വിശ്വസിച്ച് വീട്ടിലേക്ക് മടങ്ങിയ അഭിജിത്തിന് നഷ്ടപ്പെട്ട് മൂന്നാം ദിവസം രാവിലെ സ്റ്റേഷനിൽ നിന്നും കിട്ടിയ ഫോൺ സന്ദേശം സൃഷ്‌ടിച്ച സന്തോഷത്തിന് അതിരില്ലായിരുന്നു. കൊച്ചുമിടുക്കന്‍റെ വിഷമം മനസ്സിലാക്കിയ വ്യാപകമായ പരിശോധന നടത്തി സൈക്കിള്‍ കണ്ടെത്തി.
സൈക്കിൾ എങ്ങനെയും കണ്ടെത്തുമെന്ന വാശി, ഒരു ദിവസം മുഴുവൻ പൊലീസ് സംഘം കുട്ടിക്കുവേണ്ടി മാറ്റിവച്ചു . ഒടുവിൽ അഭിജിത്തിന്റെ സങ്കടത്തിനും, പൊലീസിന്റെ ജാഗ്രതയോടെയുള്ള ആത്മാർത്ഥ ശ്രമങ്ങൾക്കും ഫലം കണ്ടു. വ്യാപകമാക്കിയ തെരച്ചിലിനൊടുവിൽ രാത്രി വൈകി പന്തളം വലിയ പാലത്തിനു സമീപമുള്ള കടവിന്‍റെ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ സൈക്കിൾ കണ്ടെത്തി. 27 ന് രാവിലെ അച്ചനെയും മകനെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി സൈക്കിൾ തിരികെ പൊലീസ് ഏൽപ്പിച്ചു. കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ച സൈക്കിൾ ചേർത്തുപിടിച്ച് അഭിജിത്ത് സ്റ്റേഷൻ മുറ്റം കടന്നുപോകുമ്പോൾ പന്തളം പൊലീസിന് അത് മറ്റൊരു അഭിമാനനിമിഷമായിരുന്നു.