മനസുണ്ടെങ്കിൽ പഠിക്കാൻ പ്രായം ഒരു പ്രശ്നമല്ല എന്ന് പറയുന്നത് ശരിയാണ്. ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്നതിനൊപ്പം 62-ാം വയസ്സിൽ എം.എ പാസായ കണ്ണൂർ കടലായിലെ ഷംസുദ്ദീൻ തൈക്കണ്ടി അതിനൊരു ഉദാഹരണമാണ്. കടുത്ത ദാരിദ്ര്യം കാരണം ഏഴാം ക്ലാസിൽ പഠിത്തം നിർത്തിയ ഷംസുദ്ദീൻ, വിദ്യഭ്യാസത്തിന്റെ മൂല്യമറിഞ്ഞാണ് വർഷങ്ങൾക്കു ശേഷം വീണ്ടും പഠിക്കാന്‍ തുടങ്ങിയത്.
കുടുംബം പോറ്റാൻ ഷംസുദ്ദീന് പഠനം നിര്‍ത്തേണ്ടി വന്നു . ദിനേശ് ബീഡി കമ്പനിയിൽ ജോലി ചെയ്താണ് ജീവിതം തുടങ്ങിയത് . പിന്നെ ദീർഘകാലം പ്രവാസമായിരുന്നു. പിന്നീട് നാട്ടിൽ മടങ്ങിയെത്തി ഓട്ടോ ഡ്രൈവറായി.
ഇക്കാലത്തിനുള്ളിൽ ആ ഏഴാം ക്ലാസുകാരൻ ലോകം ഏറെ കണ്ടിരുന്നു. അപ്പോഴും പഠിക്കണമെന്ന ആഗ്രഹം മനസിലുണ്ടായിരുന്നു. അങ്ങനെയിരിക്കെ 14 വർഷം മുമ്പാണ് സാക്ഷരത ക്ലാസിൽ ചേർന്ന് പഠിക്കാൻ തീരുമാനിച്ചത്. അതിപ്പോള്‍ എം.എ വരെ എത്തിനില്‍ക്കുന്നു.