ഏതാണ്ട് മൂന്ന് നൂറ്റാണ്ടിന് മുമ്പ് ജീവിച്ച് മരിച്ച തിരുവിതാകൂര്‍ രാജാവ് മാര്‍ത്താണ്ഡ വര്‍മ ഒരു പൊളപ്പന്‍ വിഡിയോയില്‍ നിങ്ങള്‍ക്ക് മുന്നില്‍ വന്നാല്‍ എങ്ങനെയുണ്ടാകും...? ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള രാജാക്കന്മാരും രാജ്ഞികളും മാത്രമല്ല  ശ്രീ നാരായണ ഗുരുവിനെ പോലുള്ള ചരിത്ര പുരുഷന്മാരും, വിഖ്യാത ചിത്രകാരന്‍ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ മൊണാലിസയെ വരെ ജീവനുള്ള മനുഷ്യരായി എ.ഐ  മാജിക്കിലൂടെ  നിങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുകയാണ്  തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി യുഹാബ് ഇസ്മായീല്‍. യുഹാബിന്‍റെ എ.ഐ വീഡിയോകളെല്ലാം സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്. 

ഫോട്ടോഗ്രഫിയും വീഡിയോ ഗ്രഫിയുമൊന്നും കണ്ട് പിടിച്ചിട്ടുപോലുമില്ലാത്ത കാലത്ത് ജീവിച്ച തിരുവിതാകൂര്‍ രാജ കുടുംബത്തിലെ അംഗങ്ങളാണ് നല്ല സുന്ദരന്മാരും സുന്ദരിമാരുമായി ഈ നിറഞ്ഞു നില്‍ക്കുന്നത്. ഇത്രയും വ്യക്തതയോടെ ഇവരെ പുനസൃഷ്ടിച്ച വ്യക്തിയാണ് ഈ ഇരിക്കുന്നത്. 19 വര്‍ഷമായി ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന ഇപ്പോള്‍ എ.ഐ വിഷ്വലൈസറായി സ്വയം മാറിയ യുഹാബ് ഇസ്മായില്‍. യുഹാബിന്‍റെ സര്‍ഗാത്മകതയും എ.ഐ സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളും ചേര്‍ന്നപ്പോഴാണ് ഇത് സംഭവിച്ചത്.  സൗന്ദര്യം ഇത്തിരി കൂടിയില്ലേ എന്ന സംശയം മാത്രമേയുള്ളൂ. 

ഇതാദ്യമായല്ല യുഹാബിന്‍റെ എ.ഐ വിരുതില്‍ ചരിത്ര പുരുഷന്മാര്‍ക്ക് ജീവന്‍ വയ്ക്കുന്നത്. ശ്രീനാരണ ഗുരുവിനെ കണ്ടുവരാം. ഗുരു അയ്യങ്കാളിയെ കാണുന്നതും ഇതിലുണ്ട്. ലിയനാര്‍ഡോ ഡാവിഞ്ചിയുടെ മാസ്റ്റര്‍ പീസ് ചിത്രം മൊണാലിസ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതായുള്ള യുഹാബിന്‍റ റപബ്ലിക് സ്പെഷ്യല്‍ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്. 

ഗ്രാഫിക് ഡിസൈനറില്‍ നിന്നും എ.ഐ ദൃശ്യാവിഷ്കാരത്തിലേക്കുള്ള യുഹാബിന്‍റെ വളര്‍ച്ച സ്വന്തം പ്രയത്നത്തിലാണ്. ഈ വിഡോയകളെല്ലാം ആ വളര്‍ച്ചയുടെ പ്രകാശനമാണ്. അത് തുറന്നിട്ട അവസരങ്ങള്‍ അനവധിയാണെന്നും യുഹാബ് പറയുന്നു. 

എ.ഐ ചില ജോലികളെ കാലഹരണപ്പെട്ടതാക്കുന്നു. എന്നാല്‍ പുതിയ സാധ്യതകള്‍ തുറന്നിടുകയും ചെയ്യുന്നു. ആ സാധ്യതകള്‍  നല്‍കുന്ന അവസരങ്ങള്‍ അനാദിയാണ്. ഇതാണ് യുഹാബിന്‍റെ എ.ഐ അനഭവ പാഠം.

ENGLISH SUMMARY:

Imagine Travancore King Marthanda Varma appearing in a video today. How would he look, speak, and present himself? A glimpse into his possible royal presence through AI and CGI.