കൊല്ലം ഉളിയക്കോവിലിൽ വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന ശേഷം പ്രതി ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസ് ആണ് കൊല്ലപ്പെട്ടത്. കൊലപാതകശേഷം പ്രതി തേജസ് രാജ് ചെമ്മാൻമുക്കിലെ റെയിൽവേ ഗേറ്റിനു സമീപം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. നീണ്ടകര സ്വദേശിയായ ഗ്രേഡ് എസ്ഐ രാജുവിന്റെ മകനാണ് തേജസ്.
സംഭവത്തില്‍ പ്രതികരിച്ച് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിഭാഗം മേധാവി നീത രംഗത്ത് എത്തി.കൊല്ലപ്പെട്ട ഫെബിന്‍ ക്ലാസില്‍ അച്ചടക്കം പുലര്‍ത്തിയിരുന്ന കുട്ടിയായിരുന്നുവെന്ന് അധ്യാപിക പറഞ്ഞു. ഫെബിന്‍ ഇതുവരെ ക്ലാസിലോ ക്യാംപസിലോ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കിയതായി അറിയില്ല. നല്ല രീതിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു ഫെബിനെന്നും അധ്യാപിക പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് 6.48ഓടെയാണ് വെളുത്ത കാറിൽ ഫെബിന്റെ വീട്ടിൽ തേജസ് എത്തിയത്. കയ്യിൽ കത്തി കരുതിയിരുന്ന തേജസ്, ബുർഖ ധരിച്ച ശേഷം വീട്ടുമുറ്റത്തേയ്ക്കു കയറി. രണ്ടു കുപ്പി പെട്രോളും തേജസ് കയ്യിൽ കരുതിയിരുന്നു. ഫെബിന്റെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കാനാണ് തേജസ് ആദ്യം ശ്രമിച്ചതെന്നു നാട്ടുകാർ പറയുന്നു. എന്നാൽ ഇതിനിടെ ഫെബിന്റെ പിതാവ് പുറത്തേയ്ക്കു ഇറങ്ങിയതോടെ പദ്ധതി മാറി. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫെബിനെ നെഞ്ചിൽ കുത്തിവീഴ്ത്തി. തടയാൻ ശ്രമിച്ച പിതാവ് ജോർജ് ഗോമസിനും അക്രമണത്തിൽ പരുക്കേറ്റു.