ഇരു വൃക്കകളും തകരാറിലായ മിനിയുടെ ചികിൽസക്കായി വയനാട് ചേകാടി എന്ന ഗ്രാമം ഒന്നിച്ചിറങ്ങിയിട്ടും പണം കണ്ടെത്താനായിട്ടില്ല. ഉടൻ ശാസ്ത്രക്രിയ വേണമെന്ന് അറിയിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ ദുരിതത്തിലാണ് രണ്ടു കുഞ്ഞുങ്ങളുടെ അമ്മ കൂടിയായ മിനി. ഉദാര മനസ്കരുടെ സഹായം മാത്രമാണ് മുന്നിലുള്ള ഏക പ്രതീക്ഷ.
ഭർത്താവും രണ്ടും കുഞ്ഞുങ്ങളുമുള്ള ഒരു നിർധന കുടുംബം. ഉള്ളതു വെച്ച് ജീവിച്ചു വരുന്നതിനിടെയാണ് 29 വയസുകാരിയായ മിനിക്ക് അസുഖം പിടിപ്പെട്ടത്. പരിശോധിച്ചപ്പോൾ രണ്ടു വൃക്കകളും തകരാറിൽ. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബം അന്നുമുതൽ കടുത്ത ദുരിതത്തിലാണ്. വൃക്ക നൽകാൻ അഛൻ തയ്യാറാണെങ്കിലും ശസ്ത്രക്രിയയ്ക്ക് 12 ലക്ഷത്തിനു മുകളിൽ ചിലവ് വരും. എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടിലാണ് കുടുംബം
നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് പണം സ്വരൂപിച്ചെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. ചേകാടി എന്ന കൊച്ചു ഗ്രാമത്തിൽ നിന്നു കിട്ടാവുന്നതിലും പരമാവധി സ്വരൂപിച്ചു. വീടു വിറ്റു പണം കണ്ടെത്താൻ കുടുംബം ശ്രമിച്ചെങ്കിലും വനം വകുപ്പിന്റെ എൻ.ഒ.സി ലഭിക്കാത്തതിനാൽ അതും തടസമായി. ഉടൻ ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് അറിയിച്ചത്. നല്ല മനസുള്ള മനുഷ്യരുടെ സഹായമാണ് ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ.