പെരിയാർവാലി ഹൈലവൽ കനാലിലെ ഒഴുക്കിൽപ്പെട്ടുപോയ ഭാര്യയെ രക്ഷിക്കവേ അതിഥി തൊഴിലാളിയായ യുവാവ് മുങ്ങിമരിച്ചു. കോതമംഗലം പിണ്ടിമന അയിരൂർപ്പാടത്തിന് സമീപമാണ് സംഭവം.
യുപി സഹ്റാൻപൂർ സ്വദേശി 24കാരനായ അംജാമാണ് മരിച്ചത്. 19കാരിയായ ഭാര്യ നെസ്രിനെയാണ് അംജാം നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തിയത്. ഇരുവരും പെരിയാർവാലി ഹൈലവൽ കനാലിൽ കുളിക്കാനെത്തിയതായിരുന്നു. ഒഴുക്കിൽപ്പെട്ട നെസ്രിനെ ശ്രമകരമായ ദൗത്യത്തൊടുവില്‍ കരയിലെത്തിച്ചതിന് പിന്നാലെയാണ് അംജാം ഒഴുക്കിൽപ്പെട്ട് മുങ്ങിത്താണത്.
അംജാംമിനെ കാണാതായതോടെ, നാട്ടുകാർ ഏറെ നേരം തെരച്ചില്‍ നടത്തി. ഒടുവില്‍ കനാലിന്‍റെ താഴ്ഭാഗത്തു നിന്ന് അംജാമിന്റെ മൃതദേഹം കിട്ടി. നെസ്രിനെ ആദ്യം കോതമംഗലത്തെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില വഷളായതോടെ, നെസ്രിനെ വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയിരൂർപ്പാടത്ത് ഫർണ്ണിച്ചർ വർക്ക്ഷോപ്പിൽ തൊഴിലാളികളായിരുന്നു ഇരുവരും.