കാസർകോട് ഗവ.യുപി സ്‌കൂളിലെ വിദ്യാർഥികൾക്കിപ്പോൾ ഹിന്ദിയോടൊരിഷ്ടം കൂടുതലാണ്... ഹിന്ദി പഠനം എളുപ്പമാക്കാൻ കുട്ടികൾ തന്നെ നിയന്ത്രിക്കുന്ന ഹിന്ദി ലൈബ്രറിയും സ്കൂളിലുണ്ട്.
ഇതാണ് കാസർകോട് യു. പി സ്കൂളിലെ ഹിന്ദി ലൈബ്രറി. കുട്ടികളുടെ നേതൃത്വത്തിലാണ് വായനശാല പ്രവർത്തനം. കുട്ടികൾ തന്നെ ലൈബ്രേറിയന്മാരാകും. ഹിന്ദി അധ്യാപകനായ കെ എൻ സുനിൽകുമാറാണ് ആശയത്തിന് പിന്നിൽ. പഠനം എളുപ്പമാക്കുന്നതിനോടൊപ്പം കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യം.
സപ്തഭാഷ സംഗമഭൂമിയായ കാസർകോടിന്റെ ബഹുഭാഷാ സംസ്‌കാരത്തിൻ്റെ തിളക്കം കൂട്ടുന്നതാണ് ലൈബ്രറി. കഥ, കവിത, ജീവചരിത്രം, നോവലുകൾ പുസ്‌തകമേതായാലും വായിച്ച് ആസ്വാദന കുറിപ്പുകൾ തയ്യാറാക്കി അവതരിപ്പിക്കും. ഇവ ചേർത്ത് പുസ്തകമാക്കാനൊരുങ്ങുകയാണ് അധ്യാപകർ.