ഒരു ‘ഹലോ’യില്‍ യുവാവിന് നഷ്ടപ്പെട്ടത് സ്വന്തം വാരിയെല്ലാണ്. ആലപ്പുഴ അരൂക്കുറ്റിയിലായിരുന്നു സംഭവം. ഗുണ്ടയുടെ പെൺസുഹൃത്തിന് ഇൻസ്റ്റഗ്രാമിൽ ഹലോ എന്ന് സന്ദേശമയച്ചതിന് ക്രൂര മർദ്ദനമേറ്റതായിട്ടാണ് പരാതി. യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. മർദനമേറ്റ ജിബിന്റെ വാരിയെല്ലൊടിഞ്ഞ് ശ്വാസകോശത്തിന് ക്ഷതമേറ്റു. ഗുരുതര പരിക്കുകളോടെ ജിബിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ജിബിൻ. കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ ഹെലോ എന്ന് സന്ദേശം അയച്ചതിന്റെ പ്രകോപനത്തിലാണ് അരൂക്കുറ്റി പാലത്തിൽവെച്ച് ഗുണ്ടകൾ തടഞ്ഞുനിർത്തി മർദിച്ചതെന്നാണ് ആരോപണം. ഇതിന് ശേഷം ജിബിന്റെ ബൈക്കിൽ തന്നെ അരൂക്കുറ്റിക്ക് അടുത്തുള്ള ഒഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം.
പ്രഭിജിത്, കൂട്ടാളി സിന്തൽ എന്നിവർ ചേർന്നാണ് ജിബിനെ മർദിച്ചതെന്ന് ജിബിന്റെ സഹോദരൻ ലിബിൻ പറഞ്ഞു. ഒഴിഞ്ഞ വീട്ടിൽ വെച്ച് പട്ടികകൊണ്ട് തുടയിലും ശരീരത്തിലും ആഞ്ഞടിച്ചെന്നും ലിബിൻ പറഞ്ഞു.മർദ്ദനത്തിന് ശേഷം ഗുണ്ടകൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ബോധം വന്നപ്പോൾ വീട്ടിൽ ഗുണ്ടകളെയൊന്നും കാണാത്തതിനെത്തുടർന്ന് അവിടെ നിന്ന് ജിബിൻ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്.
തുടർന്ന് സുഹൃത്തുക്കളെ വിളിച്ച് ആശുപത്രിയിൽ എത്തി. ചേർത്തല ആശുപത്രിയിൽ എത്തിയപ്പോൾ ഗുരുതര പരിക്കുകളുണ്ട് എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.മർദ്ദനത്തിൽ നട്ടെല്ല് ഒടിഞ്ഞ് ആന്തരികാവയവയങ്ങളിലേക്ക് കയറിയിട്ടുണ്ട് എന്നാണ് സ്കാനിങ്ങിൽ വ്യക്തമായത്. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്