മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഹാരിസൺ മലയാളം ലിമിറ്റഡിന്റെയും, എൽസ്റ്റൺ എസ്റ്റേറ്റിലെയും ഭൂമി സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാം എന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്. ഇത് ചോദ്യം ചെയ്ത് ഹരിസണും, ഭൂമി ഏറ്റെടുക്കുമ്പോഴുള്ള നഷ്ടപരിഹാരത്തുക പോരെന്ന് കാണിച്ച് എൽസ്റ്റണും സമർപ്പിച്ച അപ്പീലുകളിലാണ് സർക്കാരിന് ആശ്വാസമായ നടപടി. ഭൂമി ഏറ്റെടുക്കൽ നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ഭൂമി ഏറ്റെടുക്കുന്നതിന് 26 കോടി രൂപയാണ് നഷ്ടപരിഹാരമായി സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. ഈ തുക സര്‍ക്കാര്‍ ഉടന്‍ കെട്ടിവയ്ക്കണമെന്ന് കോടതി പറഞ്ഞു. തുക സ്വീകരിക്കാന്‍ ഹൈക്കോടതി റജിസ്ട്രിക്ക് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നൽകി.
പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നു വ്യക്തമാക്കിയ കോടതി പദ്ധതി സമയബന്ധിതമായി തീര്‍ക്കണമെന്നും നിർദേശിച്ചു. ഇതോടൊപ്പം നഷ്ടപരിഹാരം നിശ്ചയിച്ച മാനദണ്ഡമെന്തെന്ന് അറിയിക്കാനും കോടതി സർക്കാരിന് നിർദേശം നൽകി. ഹാരിസണിന്റെ നെടുമ്പാല എസ്റ്റേറ്റ് തൽക്കാലം ഏറ്റെടുക്കുന്നില്ലെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇതോടെ ഈ അപ്പീൽ കോടതി തീർപ്പാക്കി.