പഠനത്തിന്‍റെ ഇടവേളയില്‍ സ്കൂള്‍ വളപ്പില്‍ വിള പരിപാലനം. നൂറുമേനി വിളഞ്ഞതോടെ പഠനത്തിനൊപ്പം കൃഷിയിലും ഫുള്‍ മാര്‍ക്ക് നേടാനാവുമെന്ന് തെളിയിക്കുകയാണ് പാലക്കാട് കവുക്കോട് എം.എം.എ എൽ.പി സ്കൂള്‍ വിദ്യാര്‍ഥികള്‍. കുട്ടികളുടെ പരിപാലനത്തില്‍ പപ്പായ തോട്ടം വരുമാനം കിട്ടാനുള്ള വഴിയും ഒരുക്കുകയാണ്.
മണ്ണില്‍ തൊട്ട്, നന പടര്‍ന്ന്, പതിയെ തളിര്‍ത്ത് വിളയുമ്പോഴാണ് നാമ്പ് പടര്‍ത്താന്‍ മുന്നിട്ടിറങ്ങിയവരുടെ സന്തോഷം. സ്കൂള്‍ വളപ്പിലെ ഇരുപത് സെന്‍റില്‍ പപ്പായ കൃഷി പരീക്ഷണം. പഠനത്തിന്‍റെ ഇടവേളയില്‍ കുട്ടിക്കര്‍ഷകരും മണ്ണിലേക്കിറങ്ങി. ഒടുവില്‍ മികച്ച വിള കിട്ടിയതിന്‍റെ സന്തോഷം ഓരോ കണ്ണുകളിലും തെളിച്ചം കൂട്ടി. അധ്യാപനത്തിനൊപ്പം കൃഷി രീതികൾ കുട്ടികള്‍ക്കു പകര്‍ന്നു നല്‍കുന്നതിൽ ഗുരുനാഥന്മാര്‍ മല്‍സരിച്ചു. മുപ്പത് തൈകളില്‍ നൂറുമേനി വിള ലഭിച്ചു. അഞ്ഞൂറ് ഗ്രാമിലേറെ തൂക്കമുള്ള നൂറിലധികം പപ്പായ ആണ് വിളവെടുത്തത്. ചാലിശ്ശേരി കൃഷി ഓഫീസർ സുദർശൻ രാമകൃഷ്ണൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
എട്ടു വർഷത്തിലേറെയായി തുടർച്ചയായി വ്യത്യസ്ത ഇനം പച്ചക്കറികളാണ് സ്കൂള്‍ വളപ്പില്‍ കൃഷി ചെയ്യുന്നത്. പച്ചക്കറിക്കൊപ്പം പൂകൃഷിയും വിജയിച്ചിട്ടുണ്ട്. കുട്ടികളുടെ ആത്മാര്‍ഥമായ പരിശ്രമത്തിനൊപ്പം അധ്യാപകരുടെയും കൃഷിവകുപ്പിന്‍റെയും രക്ഷിതാക്കളുടെയും പിന്തുണയാണ് വിജയത്തിന്‍റെ അടിസ്ഥാനമെന്ന് സ്കൂള്‍ അധികൃതര്‍.