തയ്യല്‍ മെഷീനിലെ ചവിട്ടുകള്‍ എവറസ്റ്റിലേക്കുള്ള ചവിട്ടുപടികളാക്കിയ കണ്ണൂരിലെ വാസന്തി ലോകം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കാകെ പ്രചോദനമാണ്. 37 വര്‍ഷമായി ഒറ്റയ്ക്ക് തയ്ച്ചുണ്ടാക്കി പടുത്തതാണ് വാസന്തിയുടെ ജീവിതം. യാത്രകളോട് എന്നും അടങ്ങാത്ത അഭിനിവേശം നിറഞ്ഞ വാസന്തി സ്വപ്നയാത്ര പോയിവന്ന നിര്‍വൃതിയിലാണ്.
തയ്യല്‍ വരുമാനത്തില്‍ നിന്ന് മിച്ചംപിടിച്ചും സ്വര്‍ണാഭരണം വിറ്റും കിട്ടിയ പണവും, മക്കളുടെ സഹായം കൂടിയായപ്പോള്‍ 59കാരി വാസന്തിക്ക് തായ്‍ലന്‍റിന് ശേഷമുള്ള തന്‍റെ രണ്ടാമത്തെ സോളോ ട്രിപ്പ് പൂര്‍ത്തിയാക്കാനായി. ഫെബ്രുവരി 9ന് പുറപ്പെട്ട എവറസ്റ്റ് സ്വപ്നയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയത് മാര്‍ച്ച് രണ്ടിന്.വയസൊരു പ്രശ്നമേയല്ല, നിശ്ചയദാര്‍ഢ്യമുള്ള തീരുമാനമാണ് പ്രധാനം. ആഗ്രഹം തീവ്രവും ആത്മാര്‍ഥമെങ്കില്‍ ലോകം നമ്മുടെ കൂടെ നില്‍ക്കുമെന്ന് വാസന്തിയും ജീവിതം കൊണ്ട് തെളിയിച്ചു.