10 വയസ്സിനിടയിൽ ഐ.ടി. മേഖലയിൽ സ്വന്തമായി സാമ്രാജ്യം തീർത്ത ഒരു കൊച്ചു മിടുക്കനുണ്ട് മലപ്പുറത്ത്. പൂക്കോട്ടുംപാടം പറമ്പ ജി.യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ആർ.ആദിത്ത്. സ്കൂളിന് സ്വന്തമായി വെബ്സൈറ്റ്, കൂട്ടുകാർക്ക് കളിക്കാൻ 2D, 3D ഗെയിമുകൾ, കോഡിങ് പഠിപ്പിക്കൽ, ഗെയിമുകൾ നിർമ്മിക്കൽ, തുടങ്ങി ഐ.ടി. രംഗത്ത് മുതിർന്നവരെ പോലും അമ്പരപ്പിക്കുകയാണ് ഈ മിടുക്കൻ.
കൊറോണ കാലത്താണ് ആദിത്തിന്റെ ഐ ടി യാത്ര ആരംഭിക്കുന്നത്. ഓൺലൈൻ ക്ലാസുകൾ പഠിക്കാൻ പെൻഷൻ ലഭിച്ച തുകകൊണ്ട് മുത്തശി വാങ്ങി നൽകിയ പതിനായിരം രൂപ വിലയുള്ള പഴയയൊരു ലാപ് ടോപ്. ആ ലാപ്ടോപിലാണ് ആദിത്ത് വിസ്മയം തീർത്തു തുടങ്ങിയത്. വെബ്സൈറ്റിലും യൂട്യൂബിലും ഉള്ള ഫ്രീ കോഴ്സുകൾ വഴി ആരുമറിയാതെ വിവിര സാങ്കേതികവിദ്യ പിഠിച്ചെടുത്തു. അടുത്തിടെയാണ് ആദിത്തി ന്റെ ഈ കഴിവ് അധ്യാപകർ തിരിച്ചറിഞ്ഞത്.
കൂട്ടുകാർക്ക് കളിക്കാനായി ടു ഡി, ത്രീഡി ഗെയിമുകൾ നിർമ്മിച്ചിട്ടുണ്ട്. രണ്ടു മാസത്തിലേറെ സമയമെടുത്താണ് സ്കൂളിന്റെ വെബ്സൈറ്റ് നിർമ്മിച്ചത്. വെബ്സൈറ്റിന്റെ അറ്റകുറ്റപ്പണികൾ തുടരുകയാണ്. കാക്കപ്പൊയിൽ സ്വദേശി രാജേഷ് കുമാറിന്റെ യും മഞ്ജുവിന്റെയും മൂന്നു മക്കളിൽ രണ്ടാമത്തെ ആളാണ് ആദിത്ത്. ഗൂഗിൾ പോലൊരു വലിയ കമ്പനി തുടങ്ങണമെന്നാണ് ഈ കൊച്ചു മിടുക്കിന്റെ വലിയ ആഗ്രഹം.