വർക്കലയിൽ ആൾക്കൂട്ടത്തിന് ഇടയിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ചു. ക്ഷേത്രത്തിൽ ഉത്സവം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന പേരേറ്റിൽ സ്വദേശി രോഹിണിയും മകൾ അഖിലയുമാണ് അപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം.സംഭവത്തിൽ ഡ്രൈവർ ഒളിവിൽ. അപകട ശേഷം ഡ്രൈവർ ഓടി രക്ഷപെടുകയായിരുന്നു.
കൂട്ടിക്കട തൊടിയിൽ ഭഗവതിക്ഷേത്രത്തിലെ രണ്ടാം ഉത്സവത്തിന് നാടൻ പാട്ട് കേട്ട് വീട്ടിലേക്ക് മടങ്ങിയ അമ്മയുടെയും മകളുടെയും ജീവനാണ് റോഡിൽ പൊലിഞ്ഞത്. വർക്കല - കല്ലമ്പലം റോഡിൽ കൂട്ടിക്കട ജങ്ഷന് സമീപത്ത് അമിത വേഗതയിൽ എത്തിയ റിക്കവറി വാഹനം ആൾക്കൂട്ടത്തിന് ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകട ശേഷം ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി. അപകടമുണ്ടാക്കിയ വാഹനത്തിൽ മദ്യക്കുപ്പികൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
അപകടത്തിന് തൊട്ട് മുൻപ് മറ്റൊരു സ്കൂട്ടർ യാത്രികനെയും ഇതേ വാഹനം ഇടിച്ചു പരിക്കേൾപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. വാഹനം ഓടിച്ചിരുന്നയാൾ മദ്യ ലഹരിയിൽ ആയിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സമീപത്തെ കടയുടെ വരാന്തയും മതിലും ഗേറ്റും അപകടത്തിൽ തകർന്നു. മരിച്ച അഖില ബിഎസ്‌സി എംഎൽടി വിദ്യാർഥിയാണ്. അപകടം അപ്രതീക്ഷിതമായിരുന്നെന്നും ആശുപത്രിയിലേക്ക് അഖിലയെ വാഹനത്തിൽ കയറ്റുമ്പോൾ അനക്കം പോലും ഉണ്ടായിരുന്നില്ലെന്നും അപകടത്തിൽ പരുക്കേറ്റ ഉഷ പറഞ്ഞു.