ഒരിക്കൽ മാറ്റിവച്ച വൃക്ക വീണ്ടും തകരാറിലായതോടെ ദുരിതത്തിലായി ഫുട്ബോളർ . കൊച്ചി നെട്ടൂർ സ്വദേശിയായ അഖിലിന് അമ്മയാണ് ആദ്യം വൃക്ക നൽകിയത്. എന്നാൽ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് വൃക്ക വീണ്ടും തകരാറിലായതോടെ സുമനസുകളുടെ സഹായം തേടുകയാണ് അഖിൽ
അഖിലിന്റെ ലോകം ഇപ്പോഴും ഫുടബോൾ തന്നെയാണ്. 14 ആം വയസിൽ കേരള ടീമിൽ ദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. പിന്നീട് ഇന്ത്യൻ ടീമിന് വേണ്ടിയും ബൂട്ട് അണിഞ്ഞു. 2013ൽ 19ആം വയസിൽ ഏറ്റ ഭക്ഷ്യ വിഷബാധയെ തുടർന്ന് വൃക്ക തകരാറിലായി.അന്ന് അമ്മയുടെ വൃക്ക മകന് നൽകി. ആദ്യ ശസ്ത്രക്രിയ ക്ക് ശേഷം പതിയെ വീണ്ടും ഫുടബോളിലേക്ക് അഖിൽ തിരികെയെത്തി. അതിനിടെയാണ് കഴിഞ്ഞ നവംബറിൽ മഞ്ഞപിത്തം ബാധിച്ചത്. ഇതോടെ തിരികെ വന്ന സന്തോഷം മുഴുവൻ അസ്തമിച്ചു. വീണ്ടും വൃക്ക മാറ്റി വെക്കൽ അല്ലാതെ മറ്റ് വഴിയില്ല. അച്ഛന്റെ വൃക്ക നല്കാൻ നോക്കിയെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ സാധിക്കില്ല. ഇപ്പോൾ ആഴ്ചയിൽ രണ്ട് തവണയാണ് ഡയാലിസിസ് ചെയ്യുന്നത്.
അച്ഛൻ ജോസഫിന് കൊച്ചിൻ ഷിപ്പ് യാർഡിൽ ആയിരുന്നു ജോലി. ആദ്യ ശാസ്ത്രക്രിയക്ക് സാമ്പത്തികമായി സഹായിച്ചത് ഷിപ്പ് യാർഡ് ആയിരുന്നു. ഷിപ്പ് യാർഡിൽ നിന്നും അച്ഛന് ലഭിക്കുന്ന ചെറിയ പെൻഷൻ തുകയും ഇൻഫോപാർക്കിലെ അഖിലിന്റെ ചേട്ടന്റെ ജോലിയും ആണ് കുടുംബത്തിന്റെ വരുമാന മാർഗം. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സക്കുമായി നാല്പത് ലക്ഷത്തോളം രൂപയുടെ ചിലവ് വരും. ഭീമമായ ചികിത്സ പണം കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം.