കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ ഗായകന്‍ എം.ജി ശ്രീകുമാര്‍ പിഴ അടച്ചിരുന്നു. ആറ് മാസം മുന്‍പ് നടന്ന സംഭവത്തിലാണ് നടപടി. എറണാകുളം ജില്ലയിലെ മുളവുകാട് പഞ്ചായത്ത് അധികൃതര്‍ 25000 രൂപ പിഴ നോട്ടീസ് അയച്ചതിന് പിന്നാലെ ഗായകന്‍ പിഴയൊടുക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് എംജി ശ്രീകുമാര്‍. മാലിന്യമല്ലായിരുന്നു വലിച്ചെറിഞ്ഞതെന്നും മാങ്ങണ്ടിയാണ് വലിച്ചെറിഞ്ഞതെന്നുമാണ് ഗായകന്‍ പറയുന്നത്.
‘ഞാന്‍ അന്ന് വീട്ടില്‍ ഇല്ലായിരുന്നു, കായല്‍ തീരത്ത് ഒരു മാവ് നില്‍പ്പുണ്ട്, അതില്‍ നിന്ന് ഒരു മാങ്ങാ പഴുത്തത് ചീഞ്ഞ് അളിഞ്ഞ് നിലത്ത് വീണു, അതിന്‍റെ അണ്ടി പേപ്പറില്‍ പൊതിഞ്ഞ് വേലക്കാരി എറിഞ്ഞതാണ്, ഞാന്‍ ഒരിക്കലും മാലിന്യം വലിച്ചെറിയുന്ന ആളല്ലാ’ എം.ജി ശ്രീകുമാറിന്‍റെ വാക്കുകള്‍.
എം.ജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നും കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ വിനോദ സഞ്ചാരി, മന്ത്രി എം.ബി രാജേഷിനെ ടാഗ് ചെയ്ത് വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. മന്ത്രി എം ബി രാജേഷിന്റെ മാലിന്യനിർമാർജനത്തെ പറ്റിയുള്ള അഭിമുഖം കണ്ടതിന് ശേഷമാണ് യുവാവ് വീഡിയോ പോസ്റ്റ് ചെയ്തത്. എം.ജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് വിഡിയോയില്‍ വ്യക്തമാണെങ്കിലും ആരാണ് ചെയ്തതെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. വീട്ടുജോലിക്കാരിയാണ് മാലിന്യം വലിച്ചെറിഞ്ഞതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.