സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത ക്യാംപയിന്റെ അംബാസഡറാകാൻ തയാറാണെന്ന് ഗായകൻ എം ജി ശ്രീകുമാർ അറിയിച്ചതായി മന്ത്രി എം ബി രാജേഷ്. 'എം ജി ശ്രീകുമാർ എന്നെ വിളിച്ചിരുന്നു, കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞത് തെറ്റാണെന്നും, ഒരു മാത്യക എന്ന നിലയിൽ മാലിന്യമുക്ത ക്യാംപയിൻ്റെ അംബാസഡർ ആകാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു'- മന്ത്രി എം ബി രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'ക്യാംപയിനിൽ പങ്കാളിയാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് നല്ലൊരു മാതൃകയാണ്. ഉണ്ടായത് തെറ്റാണ്. അദ്ദേഹം അല്ല ചെയ്തത്. പക്ഷെ തെറ്റാണ്. അതുകൊണ്ടാണ് അപ്പോൾ തന്നെ പിഴയടച്ചത്. മാത്രമല്ല, ഇതിനൊരു മാതൃക സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്നും എം ജി ശ്രീകുമാർ പറഞ്ഞു. നമുക്ക് അതാണ് ആവശ്യം. സഹകരിക്കാൻ തയാറാണെന്ന് അദ്ദേഹം പറഞ്ഞു. ആ വാക്കുകൾ സ്വീകരിച്ചു. ഈ ക്യാംപയിനുമായി സഹകരിക്കാൻ ആരൊക്കെ തയാറാണോ അവരെയൊക്കെ സഹകരിപ്പിക്കും'- മന്ത്രി പറഞ്ഞു.
നേരത്തെ കൊച്ചി കായലിൽ മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി എം ജി ശ്രീകുമാർ രംഗത്ത് വന്നിരുന്നു. നോട്ടീസ് വന്ന് അടുത്ത ദിവസം തന്നെ പണം അയച്ചെന്നും എം.ജി ശ്രീകുമാർ പറഞ്ഞു. മാലിന്യം കളഞ്ഞത് തെറ്റാണെന്ന് സമ്മതിക്കുന്നതായും ഇതെല്ലാവർക്കും ബാധകമായ കാര്യമാണെന്നും എം.ജി ശ്രീകുമാർ വ്യക്തമാക്കി. മാലിന്യമല്ലായിരുന്നു വലിച്ചെറിഞ്ഞതെന്നും മാങ്ങണ്ടിയാണ് വലിച്ചെറിഞ്ഞതെന്നുമാണ് ഗായകന്‍ പറയുന്നത്. ‘ഞാന്‍ അന്ന് വീട്ടില്‍ ഇല്ലായിരുന്നു, കായല്‍ തീരത്ത് ഒരു മാവ് നില്‍പ്പുണ്ട്, അതില്‍ നിന്ന് ഒരു മാങ്ങാ പഴുത്തത് ചീഞ്ഞ് അളിഞ്ഞ് നിലത്ത് വീണു, അതിന്‍റെ അണ്ടി പേപ്പറില്‍ പൊതിഞ്ഞ് വേലക്കാരി എറിഞ്ഞതാണ്, ഞാന്‍ ഒരിക്കലും മാലിന്യം വലിച്ചെറിയുന്ന ആളല്ലാ’ എം.ജി ശ്രീകുമാറിന്‍റെ വാക്കുകള്‍.