വടക്കൻ കേരളത്തിൽ പൂരോത്സവത്തിന് തുടക്കമായതോടെ പൂതേടി പൂക്കുഞ്ഞുങ്ങൾ കുളങ്ങാട്ട് മലയിലെത്തി. ശ്രീ നെല്ലിക്കാ തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിലെ പൂക്കുഞ്ഞുങ്ങളാണ് അർച്ചനക്കായി കുളങ്ങാട്ട് മലയിലെത്തി പൂക്കൾ ശേഖരിക്കുന്നത്.
അതിരാവിലെതന്നെ പൂക്കുഞ്ഞുങ്ങൾ പൂ പറിക്കാനായി കുളങ്ങാട്ട് മലയിൽ എത്തും. തികഞ്ഞ വ്രതനിഷ്ഠയോടെ നഗ്നപാദരായാണ് ഇവർ കാടും മലയും തേടി പൂരപ്പൂക്കൾ ശേഖരിക്കുക. നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരോത്സവത്തിന്റെ ഭാഗമായി നിലമംഗലത്ത് ഭഗവതിക്കും സഖിയായ പൂമാലഭഗവതിക്കും പരിവാര ദേവതമാർക്കും പുഷ്പാർച്ചന നടത്തുന്നത് ഈ ഏഴ് പൂ കുഞ്ഞുങ്ങളാണ്.
ആദ്യം കുളങ്ങാട്ട് മല ശ്രീ ധർമ്മശാസ്താവിന്റെ സന്നിധിയിൽ പൂക്കൾ അർപ്പിച്ച് പ്രാർഥിക്കും. തുടർന്ന് തലക്കാട്ട് ക്ഷേത്രത്തിലും പൂക്കൾ നൽകി നിലമംഗലം കഴകത്ത് ആചാരസ്ഥാനികളുടെ സാന്നിധ്യത്തിൽ ദേവിമാർക്കും പുഷ്പാർച്ചന നടത്തും. ദേശാധിപത്യം വഹിക്കുന്ന ദേവിമാർ പൂരംകുളിച്ചു മാടംകയറുന്നതോടെ യാണ് പൂരോത്സവത്തിന് സമാപനമാകുന്നത്.