പതിവ് തെറ്റിക്കാതെ ഇത്തവണയും പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. തൃശൂർ സേക്രട്ട് ഹാർട്ട് ലാറ്റിൻ ദേവാലയത്തിലും പാലയ്ക്കൽ സെന്റ് മാത്യൂസ് ദേവാലയത്തിലും പ്രാർഥനാ ചടങ്ങുകളിലാണ് സുരേഷ് ഗോപി പങ്കെടുത്തത്. വൈദികരിൽ നിന്നും കുരുത്തോല ഏറ്റുവാങ്ങി വിശ്വാസികള്‍ക്കൊപ്പം ഓശാന പ്രദക്ഷിണത്തിലും സുരേഷ് ഗോപി പങ്കെടുത്തു.
അതേ സമയം ഡൽഹി ലത്തീൻ അതിരൂപതയുടെ ഓശാന ഞായർ ദിനത്തിലെ കുരിശിന്റെ വഴിക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചാണു നടപടി.എല്ലാവർഷവും ഓശാന ഞായറാഴ്ച തിരുഹൃദയ പള്ളിയിലേക്ക് ഓൾഡ് ഡൽഹിയിലെ സെന്റ്. മേരീസ് പള്ളിയിൽനിന്ന് ഡൽഹി അതിരൂപതയുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി നടക്കാറുണ്ട്. എന്നാൽ ഇത്തവണത്തെ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചതിന്റെ കാരണം അറിയില്ലെന്നു ഇടവക വികാരി പറഞ്ഞു.
പൊലീസ് തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും പള്ളി കോംപൗണ്ടിൽ ഉച്ചയ്ക്കുശേഷം കുരിശിന്റെ വഴി നടത്തുമെന്നും ഇടവക വികാരി അറിയിച്ചു. കുരിശിന്റെ വഴിക്ക് പൊലീസ് അനുമതി നിഷേധിച്ചതിനെതിരെ ഡൽഹി ആർച്ച് ഡയോസിസ് കാത്തലിക് അസോസിയേഷൻ പ്രതികരിച്ചു. നടപടി ഞെട്ടിക്കുന്നതെന്നായിരുന്നു വിമർശനം. ഗോൾ ഡാഖ് ഖാനായിലെ ഈ പള്ളിയിലാണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഈസ്റ്റർ, ക്രിസ്മസ് ദിനങ്ങളിൽ സന്ദർശനം നടത്തിയത്.