കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നേരിടുന്ന പ്രശ്നമാണ് തലയിലെ പേന്‍ ശല്യം. കുട്ടികളിലാണ് സാധാരണഗതിയില്‍ പേന്‍ കൂടുതല്‍ കാണപ്പെടാറ്. ശുചിത്വമില്ലായ്മയുടെയും വൃത്തിയില്ലാത്ത മുടിയുടെയും ലക്ഷണം കൂടിയാണ് പേൻ ശല്യം. എന്നാല്‍ ദിവസവും തലമുടി ചീകി വൃത്തിയാക്കിയാലും പേൻ ശല്യം കുറയാതെ ബുദ്ധിമുട്ടനുഭവിക്കുന്നവരും ഏറെയാണ്. തലയോട്ടിയില്‍ നിന്ന് വലിച്ചെടുക്കുന്ന രക്തം കുടിച്ചാണ് ഈ പേനുകള്‍ വളരുന്നത്. പേൻ ശല്യത്തെക്കാള്‍ വലിയ പ്രതിന്ധിയാണ് അതുണ്ടാക്കുന്ന ചൊറിച്ചില്‍.
തല ശക്തിയായി ചൊറിയുമ്പോൾ തലയിലെ ചർമത്തിൽ പോറലുകൾ വീണേക്കാം. ഇത് ചിലപ്പോള്‍ അണുബാധയടക്കമുളള ബുദ്ധിമുട്ടുകളും ഉണ്ടാക്കിയേക്കാം. കുട്ടികളിലാണ് ഇത്തരത്തിലുളള അണുബാധ കൂടുതലായും കണ്ടുവരുന്നത്. പേൻ ശല്യമകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ പരിചയപ്പെടാം.
വെളുത്തുള്ളി
പേന്‍ ശല്യം അകറ്റാന്‍ ഏറ്റവും മികച്ച ഒരു പ്രതിവിധിയാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ അല്ലി ചതച്ച് നാരങ്ങാ നീരുമായി കലർത്തി തലയോട്ടിയിൽ പുരട്ടുക. മുപ്പത് മിനിറ്റിന് ശേഷം തല മസ്സാജ് ചെയ്ത്, ഒരു ചീപ്പ് കൊണ്ട് ചീകുക. അതിന് ശേഷം ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കാം.
ബേക്കിങ് സോഡ
കുറച്ച് ബേക്കിങ് സോഡ നിങ്ങളുടെ കണ്ടീഷണറുമായി ചേർത്ത് മിക്സ് ചെയ്ത് തലയിൽ പുരട്ടുക. മുപ്പതു മിനിറ്റിന് ശേഷം മുടി നന്നായി ചീകി പേനുകളെ നീക്കാം. അതിന് ശേഷം മുടി ഷാംപൂ ഇട്ട് കഴുകി, കണ്ടീഷണർ ഉപയോഗിച്ച് വൃത്തിയാക്കാം. പേൻ ശല്യം, തലയിലെ ചൊറിച്ചിൽ തുടങ്ങിയവ അകറ്റാനുള്ള മികച്ച മാർഗമാണ് ബേക്കിങ് സോഡ.
ബേബി ഓയിൽ
തലയിൽ ബേബി ഓയിൽ പുരട്ടി ഒരു രാത്രി മുഴുവൻ വെക്കുക. രാവിലെ മുടി നന്നായി ചീകുക. പേനുകൾ താനെ താഴേക്ക് വീഴുന്നത് കാണാം. ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഇപ്രകാരം തുടര്‍ച്ചയായി ചെയ്യുന്നത് പേൻ ശല്യം അകറ്റാൻ സഹായിക്കും. ഇത് മാത്രമല്ല വെളിച്ചെണ്ണ ഒലീവ് ഓയിൽ എന്നിവയും പേൻ അകറ്റാൻ സഹായിക്കും.
വേപ്പെണ്ണ
പേന്‍ ശല്യമകറ്റാനുളള പ്രതിവിധികളില്‍ ഒന്നാം സ്ഥാനത്താണ് വേപ്പെണ്ണ. വേപ്പെണ്ണ അല്‍പം എടുത്ത് ചെറുതായി ചൂടാക്കിയ ശേഷം തലയോട്ടിയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. ഏകദേശം ഒരു മണിക്കൂർ എങ്കിലും ഈ എണ്ണ മുടിയിൽ തുടരാൻ അനുവദിക്കുക. ശേഷം പേന്‍ ചീപ്പ് ഉപയോഗിച്ച് നന്നായി ചീകി വൃത്തിയാക്കുക. അതിന് ശേഷം ഏതെങ്കിലും ഒരു ഹെർബൽ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകി വൃത്തിയാക്കാം. പേന്‍ ശല്യം പൂര്‍ണമായും അകലുന്ന വരെ ഇത് തുടരാം.