റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും ഇളയ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹ വാര്‍ത്തകള്‍ എപ്പോഴും സോഷ്യലിടത്ത് വൈറലാകാറുണ്ട്. ആനന്ദ് അംബാനിയുടെ ക്ഷണക്കത്ത് പുറത്തുവന്നതോടെ ഒരിടവേളയ്ക്കു ശേഷം ചര്‍ച്ചകള്‍ വീണ്ടും സജീവമായിരുന്നു. ഇപ്പോഴിതാ, ആനന്ദിന്‍റെ ഏറ്റവും പുതിയ വാച്ചാണ് ആളുകള്‍ക്കിടയില്‍ ഇപ്പോള്‍ ട്രെന്‍ഡിങ് ആയിക്കൊണ്ടിരിക്കുന്നത്. 

വിവാഹത്തിന് മുന്നോടിയായി ദര്‍ശനത്തിനായി മഹാരാഷ്ട്രയിലെ നെരാളിലെ കൃഷ്ണ കാളി ക്ഷേത്രത്തിലെത്തിയപ്പോഴാണ് ആനന്ദ് ഈ വാച്ച് അണിഞ്ഞത്. 6.91 കോടിയാണ് വാച്ചിന്‍റെ വില. 'ദി ഇന്ത്യന്‍ ഹോറോളജി' എന്ന ഇന്‍സ്റ്റഗ്രാം പേജിലെ വിവരങ്ങളനുസരിച്ച് റിച്ചാര്‍ഡ് മില്ലേയുടെ റെഡ് കാര്‍ബണ്‍ വാച്ചാണ് ആനന്ദിന്റെ കൈയിലുണ്ടായിരുന്നത്. ഇതിന് ഏകദേശം 6.91 കോടി രൂപ അതായത്, 828000 യുഎസ് ഡോളര്‍ വില വരും. ലിമിറ്റഡ് എഡിഷനിലുള്ള ഈ വാച്ച് ഇതുവരെ 18 എണ്ണം മാത്രമാണ് വിപണിയിലെത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം.

ആഢംബര വാച്ചുകളുടെ വലിയ ശേഖരമാണ് ആനന്ദിനുള്ളത്. ആഢംബര ബ്രാന്‍ഡുകളായ പാതേക് ഫിലീപിന്റേയും റിച്ചാര്‍ഡ് മില്ലേയുടേയുമെല്ലാം വാച്ചുകളാണ് ആനന്ദ് എപ്പോഴും ധരിക്കാറുള്ളത്.  കഴിഞ്ഞ മാര്‍ച്ചില്‍ ഗുജറാത്തിലെ ജാംനഗറില്‍ നടന്ന ആനന്ദിന്റേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീ വെഡ്ഡിങ് ആഘോഷത്തിനിടേയും ധരിച്ച വാച്ച് ചര്‍ച്ചാവിഷയമായിരുന്നു. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഭാര്യ പ്രസില്ല ചാന്‍ വാച്ച് അദ്ഭുതത്തോടെ നോക്കുന്ന വീഡിയോ അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഏകദേശം എട്ടു കോടി രൂപ വില വരുന്ന റിച്ചാര്‍ഡ് മില്ലേയുടെ കളക്ഷനില്‍ നിന്നുള്ള വാച്ചാണ് ആനന്ദ് അന്ന് ധരിച്ചിരുന്നത്.

ജൂലൈ 12-നാണ് ആനന്ദിന്റേയും രാധികയുടേയും വിവാഹം. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക. വിവിധ മേഖലകളില്‍ നിന്നുള്ളില്‍ നിരവധി സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുക്കും. ഇതിന് മുന്നോടിയായി ജാംനഗറിലും ഇറ്റലിയിലെ ആഡംബരക്കപ്പലിലും പ്രീ വെഡ്ഡിങ് പാര്‍ട്ടികളും കുടുംബം സംഘടിപ്പിച്ചിരുന്നു.

ENGLISH SUMMARY:

Anant Ambani wore a rare watch to visit a temple before his wedding