ഏഷ്യയിലെ ഏറ്റവും വേഗമേറിയ ഇലക്ട്രിക്ക് കാറെന്ന് വിശേഷണവുമായി എംജി വിപണിയിലെത്തിക്കാന്‍ പോകുന്ന പുതിയ ഇ.വിയാണ് സൈബർസ്റ്റർ സ്‌പോർട്‌സ്. ചൈനീസ് വാഹന ബ്രാൻഡായ ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ, ഇക്കഴിഞ്ഞ 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ അവതരിപ്പിച്ച കാറാണ് സൈബർസ്റ്റർ. ഇപ്പോള്‍ എംജി സൈബർസ്റ്ററിന്‍റെയും എം9 എന്ന മോഡലിന്‍റെയും പ്രീ ബുക്കിങ് ഇന്ത്യയില്‍ ആരംഭിച്ചിരിക്കുകയാണ്.
സംഭാർ സാൾട്ട് ലേക്കിലെ പരീക്ഷണത്തിലാണ് സൈബർസ്റ്റർ റെക്കോർഡ് സൃഷ്ടിച്ചത്. വെറും 3.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിലെത്തിയാണ് റെക്കോർഡ്. ഇക്കാര്യം ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സും സ്ഥിരീകരിച്ചു. ഈ വർഷം ആദ്യ പകുതിയിൽ കാറുകള്‍ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. സൈബർസ്റ്ററും M9 ഉം ബ്രാൻഡിന്റെ പുതിയ പ്രീമിയം റീട്ടെയിൽ ശൃംഖലയായ MG സെലക്ട് വഴിയായിരിക്കും വിൽക്കുക. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, എംജി ഇന്ത്യയിലുടനീളം 12 ഡീലർ പങ്കാളികളുമായി കരാർ ഒപ്പിട്ടു.
എംജി സൈബർസ്റ്റർ ജിടിയിൽ 510 ബിഎച്ച്പി പരമാവധി പവറും 725 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള ശക്തമായ ഡ്യുവൽ-മോട്ടോർ കോൺഫിഗറേഷൻ ഉണ്ട്. പൂർണ്ണമായി ചാർജ് ചെയ്താൽ 443 കിലോമീറ്റർ സഞ്ചരിക്കാൻ ഈ ഇലക്ട്രിക് കാർ പ്രാപ്‍തമാണ്.
എംജി M9-ൽ 90kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു. പരമാവധി 245 bhp കരുത്തും 350 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ഈ എംപിവിക്ക് കഴിയും. ഒറ്റ ചാർജിൽ ഏകദേശം 430 കിലോമീറ്റർ സഞ്ചരിക്കാൻ ഈ ഇലക്ട്രിക് വാഹനത്തിന് കഴിയും. ഈ ഇലക്ട്രിക് വാഹനത്തിന്റെ എക്സ്-ഷോറൂം വില 65 ലക്ഷം രൂപ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇലക്‌ട്രിക് കാറുകളിലൂടെ വിസ്‌മയം തീർക്കുകയാണ് എംജി മോട്ടോർസ്. ZS ഇവി, കോമെറ്റ്, വിൻഡ്‌സർ തുടങ്ങിയ മോഡലുകളെല്ലാം വാങ്ങാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സാക്ഷാൽ ടാറ്റ നെക്സോൺ ഇവിയെ വരെ കടത്തിവെട്ടി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന വൈദ്യുത വാഹനമായി മാറാൻ വിൻഡ്സർ ഇവിക്ക് സാധിച്ചു.