ഹെക്ടര്‍ എന്ന മോഡലുമായി 2019ല്‍ ഇന്ത്യയിലേക്കെത്തിയ വാഹന ബ്രന്‍ഡാണ് എം.ജി. മോട്ടോഴ്‌സ്. ഹെക്ടര്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും പിന്നീട് എം.ജിക്ക് വിപണിയില്‍ വേണ്ടപോലെ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ആ ക്ഷീണം പൂര്‍ണമായും ഇല്ലാതായിരിക്കുകയാണ് വിന്‍ഡ്‌സര്‍ എന്ന ഇ.വി മോഡല്‍. നിര്‍മാതാക്കള്‍ പുറത്തുവിട്ട വിവരം അനുസരിച്ച് ഏകദേശം 200 ബുക്കിങ്ങുകളാണ് വിന്‍ഡ്‌സര്‍ ഇ.വിക്ക് പ്രതിദിനം ലഭിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് ക്രോസ്ഓവര്‍ യൂടിലിറ്റി വാഹനമെന്ന വിശേഷണവുമായാണ് എംജി വിന്‍ഡ്‌സര്‍ വിപണിയില്‍ എത്തിയത്. 13.50 ലക്ഷം രൂപയുള്ള വിന്‍ഡ്‌സര്‍ ഇവിയെ ബാറ്ററി ആസ് എ സര്‍വീസ്(ബാസ്) പദ്ധതി വഴി 9.99 ലക്ഷം രൂപക്ക് സ്വന്തമാക്കാമെന്നു കൂടി എംജി അറിയിച്ചതോടെ ആവശ്യക്കാരുടെ എണ്ണം കുത്തനെ കൂടി. ബാസ് പദ്ധതി പ്രകാരം എംജി വിന്‍ഡ്‌സര്‍ വാങ്ങിയാല്‍ പ്രതിമാസം ഓടുന്ന കിലോമീറ്ററിന് മൂന്നര രൂപ വെച്ച് നല്‍കണം. അപ്പോഴും പെട്രോള്‍ കാറിനെ അപേക്ഷിച്ച് ചിലവു കുറവാണെന്നതും വിന്‍ഡ്‌സര്‍ ഇവിയിലേക്കുള്ള ആകര്‍ഷണമായി.
പെട്രോള്‍ കാറിന്‍റെ വിലയിലുള്ള ഇ.വിയെ ഇന്ത്യക്കാര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ വിന്‍ഡ്‌സര്‍ ഇവി വില്‍പനയില്‍ നാലാം മാസവും സൂപ്പര്‍ഹിറ്റാണ്. ഇതുവരെയുള്ള കണക്ക് അനുസരിച്ച് ഈ വാഹനത്തിന്റെ 15,000-ത്തോളം യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവതരിപ്പിച്ചതിന് പിന്നാലെ സെപ്റ്റംബര്‍ മാസത്തില്‍ തന്നെ വിന്‍ഡ്‌സര്‍ ഇ.വിയുടെ 502 യൂണിറ്റാണ് വിറ്റഴിച്ചത്. ജനുവരി വരെയുള്ള കണക്ക് അനുസരിച്ച് 14,000 വിന്‍ഡ്‌സര്‍ ഇ.വിയാണ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയിട്ടുള്ളത്.
കഴിഞ്ഞ നാലുമാസമായി ടാറ്റയുടെ നെക്‌സോണ്‍ ഇ.വിയും പഞ്ച് ഇ.വിയും ചേര്‍ന്നുള്ള വില്‍പ്പനയെക്കാള്‍ മുകളിലാണ് വിന്‍ഡ്‌സര്‍ ഇ.വിക്ക് മാത്രം ലഭിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. വാഹനം വില നല്‍കി വാങ്ങുകയും ബാറ്ററി വാടകയ്ക്ക് എടുക്കുകയും ചെയ്യുന്ന സംവിധാനം ഒരുക്കിയത് വില്‍പ്പനയ്ക്ക് നേട്ടമാകുന്നുണ്ടെന്നാണ് സൂചന. അതിനിടെ ടാറ്റ ഇ.വി സെക്ടറില്‍ വിവിധ മോഡലുകള്‍ ചേര്‍ത്ത് ഇതുവരെ 2 ലക്ഷം കാറുകള്‍ വിറ്റെന്ന കണക്കും പുറത്ത് വന്നിട്ടുണ്ട്.