മറ്റൊരാളോട് ഇങ്ങനെയൊക്കെ ചോദിക്കാറുണ്ടോ? പിന്നേ... ഇതൊക്കെ എന്നും ചോദിക്കുന്നതല്ലേ എന്നാണോ ഉത്തരം, എങ്കില്‍ നിങ്ങള്‍ അയാളെ ബോഡി ഷെയിം ചെയ്യുക തന്നെയാണ്. ഇതൊന്നും പോസിറ്റീവ് കമന്റ്‍സ് അല്ലെന്ന് ദയവായി മനസിലാക്കുക. മറ്റൊരാളുടെ ഭക്ഷണരീതികളെ പരോക്ഷമായി പരിഹസിക്കുന്നതും ബോഡി ഷെയിമിങില്‍/ അവഹേളനത്തില്‍ പെടുമെന്നാണ് ആധുനിക മനഃശാസ്ത്രം വിലയിരുത്തുന്നത്. വെറും കുശലം ചോദിക്കലായിരുന്നു, ഞാന്‍ തെറ്റായൊന്നും ഉദ്ദേശിച്ചിട്ടില്ലെന്ന് ന്യായീകരിക്കാന്‍ വരട്ടെ. ഈ ചോദ്യങ്ങള്‍ നിങ്ങളുടെ മനസിലുണ്ടാകുന്നത് നല്ല ഉദ്ദേശത്തോടെയല്ല എന്നു സമ്മതിക്കാന്‍ മടി കാണും. പക്ഷേ ലക്ഷ്യം ഒന്നു കുത്തുകയെന്നതു തന്നെയാണ്. മറ്റൊരാളുടെ ഭക്ഷണ സ്വാതന്ത്ര്യത്തെ ജഡ്ജ് ചെയ്യാന്‍ തുനിയുന്നത് അയാളെ ഒന്നിരുത്താന്‍ വേണ്ടി തന്നെയാണ്. അല്ലാതെ ഒരു സദുദ്ദേശവും അതിലില്ല.
ശരീരത്തിന്റെ സവിശേഷതകള്‍ വച്ച് അവഹേളിക്കുന്നതിനെയാണ് പൊതുവായി ബോഡി ഷെയിമിങ് എന്നു വിളിക്കുന്നത്. എന്തൊരു തടിയാണ്? എന്താണിങ്ങനെ മെലിഞ്ഞിരിക്കുന്നത് എന്നിങ്ങനെയുള്ള സര്‍വസാധാരണ പ്രയോഗങ്ങള്‍ മാത്രമല്ല ബോഡി ഷെയിമിങില്‍ വരുന്നതെന്നതാണ് തിരിച്ചറിയേണ്ടത്. ഈ അവഹേളനമനഃശാസ്ത്രം വളരെ സങ്കീര്‍ണമാണ്. ഒരാളെ കാണുമ്പോള്‍ നമുക്കത്ര സ്വീകാര്യമല്ലാത്ത കാര്യങ്ങള്‍ ഏതെങ്കിലും വിധത്തില്‍ പ്രകടിപ്പിക്കാന്‍ തോന്നുന്നതാണ് അടിസ്ഥാനസ്വഭാവം. എത്ര മധുരത്തില്‍ പൊതിഞ്ഞു പറഞ്ഞാലും ചുറ്റിത്തിരിഞ്ഞാലും കേള്‍ക്കുന്നയാള്‍ക്ക് കാര്യം മനസിലാകും. ബോഡി ഷെയിമിങ് വാക്കുകള്‍ കൊണ്ടോ പ്രവൃത്തി കൊണ്ടോ പെരുമാറ്റത്തിലൂടെയോ ആകാം. ആവര്‍ത്തിച്ചു പ്രതിഷേധമുയരുന്നതുകൊണ്ട് ബോഡി ഷെയിമിങ് എന്താണെന്ന് ഇപ്പോള്‍ ഏറെക്കുറെ ഒരു അവബോധം സമൂഹത്തിലുണ്ട്. പക്ഷേ പരോക്ഷമായും ഓരോ ദിവസവും നമ്മള്‍ ആരെയെങ്കിലും ബോഡി ഷെയിം ചെയ്യുന്നുണ്ടെന്ന ഓര്‍മപ്പെടുത്തലാണ് നല്ല വിശപ്പാണല്ലേ പോലുള്ള ചോദ്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ്. ഇനിയും പറയാനുണ്ട് സാംപിളുകള്‍.
*തടിയൊക്കെ കുറഞ്ഞു നല്ല ഫിറ്റായല്ലോ
*ഈ ഹെയര്‍സ്റ്റൈല്‍ കൊള്ളാം, നന്നായി മെലിഞ്ഞതു പോലിരിക്കുന്നു
*ഈ ഫാഷനൊക്കെ പരീക്ഷിക്കാനുള്ള ധൈര്യം സമ്മതിച്ചിരിക്കുന്നു, എനിക്കിത്രയും ധൈര്യമില്ല
*ഇപ്പോ ഡയറ്റൊക്കെ നോക്കുന്നതു കൊണ്ട് നല്ല ആരോഗ്യത്തോടെയിരിക്കുന്നല്ലോ
*അത്രയും ഭക്ഷണമൊക്കെ കഴിച്ചാല്‍ എനിക്കു രണ്ടു ദിവസത്തേക്ക് പിന്നൊന്നും കഴിക്കാന്‍ പറ്റില്ല
*മധുരം കഴിക്കുന്നില്ലേ, ഭയങ്കര ആത്മനിയന്ത്രണമാണല്ലോ
*എല്ലാ ദിവസവും വ്യായാമം ചെയ്യുന്നതു കണ്ടിട്ട് അസൂയ തോന്നുന്നു, എനിക്കു പറ്റുന്നില്ല
*എനിക്കിങ്ങനെ ഓടാനൊന്നും പറ്റില്ല, നിങ്ങള്‍ ഭയങ്കര സ്പോര്‍ട്ടി ആണ്
*എന്താ ഇന്ന് വ്യായാമമൊന്നും ഇല്ലേ, നിങ്ങള്‍ അങ്ങനെ മാറ്റിവയ്ക്കുന്ന ആളല്ലല്ലോ!
നിങ്ങള്‍ക്കു പിന്നെ എന്തു കഴിച്ചാലും വണ്ണം വയ്ക്കില്ലല്ലോ
*ഈ മേയ്ക്കപ്പ് നല്ലതാണ്, നിങ്ങള്‍ വളരെ നന്നായി തോന്നുന്നു
*നിങ്ങള്‍ക്ക് ചായയില്‍ മധുരമിടണോ?
*എന്തൊരു ഉയരമാണ് നിങ്ങള്‍ക്ക്, അസൂയ തോന്നുന്നു
*പ്രസവത്തിനു ശേഷമുള്ള വണ്ണമല്ലേ, വിഷമിക്കണ്ട, കുറഞ്ഞോളും
*കുറച്ച് അവല്‍ വെള്ളത്തിലിട്ടു കഴിച്ചു നോക്കൂ, വണ്ണം വയ്ക്കും
*ഈ വണ്ണവും വച്ച് ഇത്രയും പണിയെടുക്കുന്നല്ലോ, നിങ്ങളൊരു പ്രചോദനമാണ്.
ഈ പട്ടിക എത്രത്തോളം നീളാന്‍ സാധ്യതയുണ്ടെന്ന് ഇപ്പോള്‍ ഒരു ഊഹമൊക്കെയുണ്ടാകുമല്ലോ! അറിഞ്ഞോ അറിയാതെയോ നമ്മള്‍ ചുറ്റുമുള്ളവരെ ബോഡി ഷെയിം ചെയ്തുകൊണ്ടേയിരിക്കുന്നുണ്ട്. ഒരാളുടെ ശരീരത്തെക്കുറിച്ച് ഭക്ഷണരീതികളെക്കുറിച്ച് ഒരാവശ്യവുമില്ലാതെ കമന്റ് ചെയ്യുന്നത് തെറ്റായ രീതിയാണ്. ശരീരത്തിന്റെ പ്രത്യേകതകളിലൂന്നി നിരന്തരം സംസാരിക്കുന്നതു തെറ്റാണ്. അയാള്‍ ആവശ്യപ്പെടാതെ സൗജന്യ ഉപദേശങ്ങള്‍ നല്‍കുന്നത് തെറ്റാണ്. ഒരാളെ കാഴ്ചയില്‍ മാത്രം വിലയിരുത്തി ശരീരത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമൊക്കെ മുന്‍വിധിയുണ്ടാകുന്നതും തെറ്റാണ്. നെഗറ്റീവ് കമന്റ്‍സ് ഇപ്പോള്‍ വേണ്ടത്ര ചര്‍ച്ചയായിക്കഴിഞ്ഞു. പക്ഷേ പോസിറ്റീവ് കമന്റ്‍സിലൂടെയുള്ള ബോഡി ഷെയ്മിങ്ങും തിരിച്ചറിയേണ്ടതും തിരുത്തേണ്ടതുമാണ്. മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് കമന്റ് ചെയ്യാതിരിക്കുക എന്നതാണ് ബോഡി ഷെയ്മിങ് ഒഴിവാക്കാനുള്ള ഒരേയൊരു വഴി.