വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന എ.സി റോഡ്, ഉയരംകൂട്ടി നവീകരിക്കാനുള്ള നടപടി തുടങ്ങി. വിശദ പദ്ധതി രേഖ തയ്യാറാക്കാന്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നിർദേശം നൽകി. പുതുക്കിപ്പണിയാന്‍ 70 കോടി രൂപയെങ്കിലും ചിലവാണു പ്രതീക്ഷിക്കുന്നത് 

റോഡിലെ വെള്ളക്കെട്ട് ഒഴിവായ ശേഷമാകും നവീകരണ ജോലികൾ ആരംഭിക്കുക. 

ഒരു കിലോമീറ്റർ പാതയുടെ നവീകരണത്തിനു മൂന്നു കോടി രൂപയെങ്കിലുമാണ് ചിലവു പ്രതീക്ഷിക്കുന്നത്. മന്ത്രിയുടെ നിർദേശ പ്രകാരം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും , കെഎസ്ടിപി പ്രൊജക്ട് ഡയറക്ടറും ഇന്നലെ റോഡ് പരിശോധിച്ചു. റോഡിലെ പലഭാഗങ്ങളും താഴ്ന്നു പോയിട്ടുണ്ട്. ഇവ ഉയർത്താൻ നടപടിയെടുക്കും. കൂടാതെ റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് കെട്ടി സംരക്ഷിക്കുന്നതിനും നടപടിയുണ്ടാകും. 

വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾക്കാണ് ആദ്യ പരിഗണന. ഇതിനു ശേഷം അറ്റകുറ്റപ്പണികൾ നടത്തും. ഇതിനായി 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എസി റോഡിൽ എലിവേറ്റഡ് റോഡ് എന്ന നിർദേശമില്ലെന്നും മന്ത്രി അറിയിച്ചു. അതേസമയം തുടർച്ചയായ 16ാം ദിവസവും എസി റോഡിൽ വെള്ളക്കെട്ടു തുടരുകയാണ്. 

നെടുമുടി, മങ്കൊമ്പ്, മാമ്പുഴക്കരി, ഒന്നാംകര തുടങ്ങിയ പ്രദേശങ്ങളിലാണു വെള്ളക്കെട്ട്. കെഎസ്ആർടിസി പൂപ്പള്ളി വഴി ചമ്പക്കുളത്തേക്കുള്ള സർവീസും പുനരാംരംഭിച്ചിട്ടുണ്ട്. കൂടാതെ കിടങ്ങറ, വെളിയനാട് വഴി പുളിങ്കുന്ന് കൃഷിഭവൻ വഴിയിലേക്കും കെഎസ്ആർടിസി സർവീസ് തുടങ്ങിയിട്ടുണ്ട്.