കേരളത്തിലെ ആദ്യ സൗരോർജ ആഡംബര വിനോദസഞ്ചാര ബോട്ട് 'സൂര്യാംശു' കൊച്ചിയിൽ സഞ്ചാരികളെ വരവേൽക്കാനൊരുങ്ങുന്നു. കേരള ഷിപ്പിങ്‌ ആൻഡ്‌ ഇൻലാന്റ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡ് പുറത്തിറക്കിയ ബോട്ടിന്റെ കന്നിയാത്ര കെ. എസ്. ഐ. എൻ സി. ചെയർമാൻ കെ. ടി ചാക്കോ ഫ്ലാഗ് ഓഫ് ചെയ്തു. 

കൊച്ചിക്കായലിന്റെ ജലപ്പരപ്പ്‌ കീഴടക്കാൻ സാഗര റാണിമാർക്കും മിഷേലിനും ക്ലിയോ പാട്രയ്ക്കുമൊപ്പം ഇനി 'സൂര്യാംശു'വുമുണ്ടാകും. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് 'സൂര്യാംശു' എന്ന പേര് നല്‍കിയത്. ശീതീകരിച്ച ബോട്ടിൽ രണ്ടു ഡെക്കുകളിലായി നൂറു പേർക്ക് സഞ്ചരിക്കാം. സഞ്ചാരികൾക്കായി ലിഫ്റ്റ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളും ബോട്ടിൽ ക്രമീകരിച്ചിട്ടുണ്ട്. മത്സ്യഫെഡും കെഎസ്ആര്‍ടിസിയുമായി സംയുക്തമായി സഹകരിച്ചാണ് സൂര്യാംശുവിന്റെ പ്രവര്‍ത്തനങ്ങള്‍.

ശ്രീലങ്കയിലെ സൊലാസ് മറൈന്‍ ലങ്ക പ്രൈവറ്റ് ലിമിറ്റഡ് എന്ന കപ്പല്‍നിര്‍മാണ സ്ഥാപനമാണ് ബോട്ട് നിർമിച്ചത്. മൂന്ന് കോടി തൊണ്ണൂറ്റി

അഞ്ച് ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. രണ്ട് തരത്തിലുള്ള യാത്രാ നിരക്കുകളാണുള്ളത് . ഹൈക്കോടതി ജങ്ഷനിലെ കെഎസ്ഐഎന്‍സി ക്രൂസ് ടെര്‍മിനലില്‍നിന്ന് ആരംഭിച്ച് കടമക്കുടി വിനോദസഞ്ചാര കേന്ദ്രത്തിലേയ്ക്കും അവിടെ നിന്ന് തിരിച്ച് മറൈന്‍ ഡ്രൈവിലേക്കുമുള്ള രീതിയിൽ ക്രമീകരിച്ചിരിക്കുന്ന അഞ്ചര മണിക്കൂർ ദൈർഘ്യമുള്ള യാത്രക്ക് നിശ്ചയിരിക്കുന്ന്ത് 799 രൂപയാണ്.

ആറര മണിക്കൂർ ദൈർഘ്യത്തിൽ മറൈന്‍ ഡ്രൈവില്‍ നിന്ന് ആരംഭിച്ച് ഞാറക്കല്‍ വഴി തിരിച്ച് ഹൈക്കോടതി ജങ്ഷനിലെ കെഎസ്ഐഎന്‍സി ക്രൂസ് ടെര്‍മിനലില്‍ അവസാനിക്കുന്ന രണ്ടാമത്തെ യാത്രക്ക് 999 രൂപയാണ് ഈടാക്കുക. സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ചാണ് നിരക്ക് വര്‍ധന. 

Kerala's first solar-powered luxury tourist boat 'Suriyamshu' is set to welcome tourists in Kochi