pampa-fest

ആറാട്ടുപുഴ ഡിചാര്‍ലീസ് റിസോര്‍ട്ടിൽ നടക്കുന്ന പമ്പാ സാഹിത്യോത്സവത്തിന്റെ പന്ത്രണ്ടാം പതിപ്പിന് ഇന്ന് സമാപനമാകും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സമാപന സമ്മേളനം  ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി പി.സി വിഷ്ണുനാഥ്‌ എംഎൽഎ അധ്യക്ഷത വഹിക്കും. ഇന്നലെ, ആധുനിക സിനിമയിലെ മാറ്റങ്ങളെ കുറിച്ചുള്ള ചർച്ചയിൽ സംവിധായകരായ മുഹ്സിൻ പെരാരിയും, തരുൺ മൂർത്തിയും സംസാരിച്ചു. 

വിമർശനത്തെ ഭയക്കുന്നില്ലെന്നും സിനിമയിലെ ആശയത്തെ പ്രതിഫലിപ്പിക്കുക എന്നതാണ് പ്രധാനലക്ഷ്യമെന്നും മുഹ്സിൻ പെരാരി പറഞ്ഞു. ജാതീയതയും വംശീയതയും സിനിമയിൽ പരോക്ഷമായെങ്കിലും ഇന്നും നിലനിൽക്കുന്നുണ്ടെന്നും അത് ബാധിക്കുന്ന ആളുകൾക്ക്  എത്രത്തോളം അവരുടെ അവസ്ഥകൾ പുറത്തേക്ക് എത്തിക്കാൻ കഴിയുന്നുണ്ട് എന്നുള്ളതിൽ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നല്ല കഥയുള്ള സിനിമകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കഥാപാത്രങ്ങളാകാൻ അതിന് അനുയോജ്യരായ നടൻമാർ മാത്രമാണ് ആവശ്യമെന്ന് തരുൺ മൂർത്തി അഭിപ്രായപ്പെട്ടു. സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച്‌ മുൻ പരിചയം ഇല്ലാത്തവർക്കും സിനിമ നിർമ്മിക്കാനാകും എന്നതിന്റെ ഉദാഹരണമാണ് ഇരുവരും എന്നും പറഞ്ഞു. 

ഒരു തെക്കൻ തല്ല് കേസ് എന്ന സിനിമയെ ആധാരമാക്കിയുള്ള ചർച്ചയിൽ സംവിധായകൻ ശ്രീജിത്ത്, നോവലിസ്റ്റ് ഇന്ദുഗോപൻ, ഗാന രചയിതാവ് അൻവർ അലി എന്നിവർ സംസാരിച്ചു. പടയണിയെ കുറച്ചു പ്രതിപാദിക്കുന്ന നോവലിന്റെ വായനയ്ക്കും ചർച്ചയ്ക്കും ഈ വി റെജി നേതൃത്വം നൽകി. തന്റെ യാത്രയിലെ പരിണാമങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് ഗായിക രശ്മി സതീഷ് സംവദിച്ചു.  സ്ത്രീകളും നാടൻ കലകളും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചയിൽ കുസുമം ത്രിപാടി അഭിപ്രായങ്ങൾ പങ്കുവെച്ചു.

സമകാലിക ഇന്ത്യയിൽ നെഹ്റുവിന്റെ പ്രസക്തിയെക്കുറിച്ച്  സാമൂഹിക പ്രവർത്തകനും  മാംഗ്ലൂർ യൂണിവേഴ്സിറ്റി മുൻ പ്രൊഫസറുമായ  രാജാറാം തോൽപ്പടി  സംസാരിച്ചു. ഫോക്ലോര്‍ അക്കാദമിയുടെ മുൻ ചെയർമാൻ സി ജെ കുട്ടപ്പനും സംഘവും നാടൻ പാട്ടിനെ കുറിച്ച് സംസാരിക്കുകയും നാടൻ പാട്ട് അവതരിപ്പിക്കുകയും ചെയ്തു. വിനു മോഹൻ കുരമ്പാല, കിരൺകുരംപാലാ, രഞ്ജിത്ത് കടമ്മനിട്ട, ടി ആർ വിഷ്ണു എന്നിവർ നേതൃത്വം നൽകുന്ന ഗോത്രകല പടയണി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പടയണിയും  പടയണി കലാകാരന്മാരെ ആദരിക്കലും നടന്നു.