അപകടത്തില്‍പ്പെട്ട് വയോധികന്റെ വലതുകൈ അറ്റ് പോയി ഒരുമാസം പിന്നിട്ടിട്ടും കൈയ്യിലൂടെ കയറിയിറങ്ങിയ വാഹനം കണ്ടെത്താനാകാതെ പൊലീസ്.  ഇടുക്കി കമ്പകക്കാനം സ്വദേശി സെബാസ്റ്റ്യന്‍ ജോസഫിന്റെ വലതു കൈയ്യാണ് അപകടത്തെ തുടര്‍ന്ന് മുറിച്ചു മാറ്റിയത്. റോഡില്‍ ബോധരഹിതനായി കിടന്ന സെബാസ്റ്റ്യന്റെ കൈയ്യിലുടെ കയറിയ വാഹാനം നിര്‍ത്താതെ പോകുകയായിരുന്നു. 

കഴിഞ്ഞ മാസം 12 ന് കൂലിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് കമ്പകക്കാനത്തെ വി‍ജനമായ റോഡില്‍ സെബാസ്റ്റ്യന്‍ തലകറങ്ങി വീണത്. പിന്നലെയെത്തിയ അഞ്ജാത വാഹനം കയറി വലത് കൈ ചതഞ്ഞരഞ്ഞു. സെബാസ്റ്റ്യന്റെ കൂലിപ്പണിയായിരുന്നു ഭിന്നശേഷിക്കാരയായ മകള്‍ ഉള്‍പ്പെടുന്ന കുടുംബത്തിന്റെ പ്രധാന വരുമാന മാര്‍ഗം. കൈയ്യിലൂടെ കയറിയിറങ്ങിയ വാഹനം കണ്ടെത്തിയാല്‍ മാത്രമേ സെബാസ്റ്റ്യന് ഇന്‍ഷുറന്‍സ് തുക ലഭിക്കു. 

അപകടസമയത്ത് റോഡിലൂടെ കടന്നുപോയ വഹാനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ നാട്ടുകാര്‍ പൊലീസിന് നല്‍കിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.  വഹാനങ്ങളുടെ നമ്പരുകള്‍ കേന്ദ്രികരിച്ച് നടത്തിയ പരിശോധനയിലും അപകടമുണ്ടാക്കിയ വാഹനം കാണമറയത്താണ്.  

സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മൂന്ന് വാഹനങ്ങള്‍ കൂടി പരിശോധിക്കാനുണ്ടെന്നാണ് കാളിയാര്‍ പൊലീസിന്റെ വിശദീകരണം. ഇനി കുടുംബത്തിന് താങ്ങും തണലുമാകാന്‍ കഴിയുമോയെന്ന് സെബാസ്റ്റ്യന് ഉറപ്പില്ല. കൈയ്യിലൂടെ കയറിയിറങ്ങിയ വാഹനമെങ്കിലും എത്രയും പെട്ടന്ന് കണ്ടെത്തണമെന്നാണ് ആവശ്യം. 

ENGLISH SUMMARY:

Accident; elderly man lost his arm