TOPICS COVERED

കോട്ടയം മണിമല പൂവത്തോലി മലയിൽ അനുദിനം വർദ്ധിക്കുന്ന പാറമടകൾക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ .പാറമടകളുടെ പ്രവർത്തനത്തിനിടെ ഉണ്ടാകുന്ന പ്രകമ്പനത്തിൽ സമീപത്തെ വീടുകൾക്ക് കേടുപാട് സംഭവിക്കുന്നതായും പരാതിയുണ്ട്. പ്രതിഷേധങ്ങൾ നിരവധി ഉണ്ടാകുന്നുണ്ടെങ്കിലും അധികൃതർക്ക് കണ്ടമട്ടില്ലെന്നും നാട്ടുകാർ പറയുന്നു.

മണിമല പഞ്ചായത്തിലെ പൂവത്തോലി മലയെ ഖനന മാഫിയകൾ ഒന്നാകെ കൈയടക്കിയിട്ടും ബന്ധപ്പെട്ട വകുപ്പുകളോ നിയമപാലകരോ അനങ്ങാപ്പാറ നയം തുടരുകയാണ്. ഒരു വർഷത്തിനിടെ മലയുടെ ഇരുവശങ്ങളിലുമായി നിരവധി പാറമടകളാണ് രൂപം കൊണ്ടിരിക്കുന്നത്. ഇവയിൽ ലൈസൻസില്ലാത്തവയും ഉണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

പാറ പൊട്ടിക്കുന്നതിന്‍റെ പ്രകമ്പനത്തിൽ വീടുകൾക്ക് കേടുപാട് ഉണ്ടാകുന്നു, കിണറുകളും കുളങ്ങളും വറ്റി വരണ്ടു പോകുന്നു. വേനൽക്കാലത്ത് ഇവിടെ ജലക്ഷാമം രൂക്ഷമാണ്.  പ്രദേശത്ത് പത്തു വർഷമായി നടക്കുന്ന ഖനന പ്രവർത്തനങ്ങളാൽ  ദുരന്തസാധ്യതകളും  മുന്നിൽ കാണുന്നു. പാറമടക്കാര്‍ക്കെതിരെ സംസാരിച്ചാൽ ജീവനു ഭീഷണി ഉണ്ടെന്നും നാട്ടുകാർ. വലിയൊരു അപകടം സംഭവിച്ചിട്ട് നടപടിയെടുക്കാൻ കാത്തിരിക്കാതെ പ്രശ്നത്തിൽ ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം. 

ENGLISH SUMMARY:

The residents of Manimala in Kottayam are protesting against the quarries.