കുടുംബാരോഗ്യ കേന്ദ്രത്തിനായി പുതിയ കെട്ടിടം പണിത് രണ്ട് മാസം കഴിഞ്ഞിട്ടും ഉദ്ഘാടനത്തിന് ജനപ്രതിനിധികൾക്ക് നേരമില്ല. രണ്ട് കോടിയിലധികം മുടക്കി കെട്ടിടം പണിതിട്ടും നാടിന് പ്രയോജനം കിട്ടാത്ത നിലയിലാണ് വൈക്കം ഇടയാഴത്തെ കുടുംബാരോഗ്യകേന്ദ്രം. ഇടുങ്ങിയ പഴയ കെട്ടിട്ടത്തിൽ അസൗകര്യങ്ങളുടെ നടുവിലാണ് രോഗികൾ ചികില്‍സ തേടുന്നത്.
കേന്ദ്ര - സംസ്ഥാന - ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് രണ്ട് കോടി മുപ്പത്തി എഴ് ലക്ഷം മുടക്കി കെട്ടിടം പണിത് എല്ലാ സൗകര്യങ്ങളും ഒരുക്കിയെങ്കിലും ജനപ്രതിനിധികൾക്ക് തുറന്ന് കൊടുക്കാൻ സമയം കിട്ടീട്ടില്ല. വൈക്കം താലൂക്കാശുപത്രിയോളം തന്നെ രോഗികൾ ദിനം പ്രതി എത്തുന്ന ഇടയാഴം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിനാണ് ഈ ദുർഗതി.വർഷങ്ങളായി ചെറുമുറികളിൽ തിരക്കിൽ വലയുകയാണ് രോഗികൾ . മുറ്റത്ത് മേശയിട്ടാണ് അത്യാവശ്യ പരിശോധനകൾ പോലും നടത്തുന്നത്
ഉപകരണങ്ങളടക്കം സജ്ജമാക്കിയ 6500 സ്ക്വയർ ഫീറ്റ് കെട്ടിടം തുറന്നു കൊടുക്കാൻ ജനപ്രതിനിധികളുടെ സൗകര്യം കാത്തിരിക്കുകയാണ് ആരോഗ്യ വകുപ്പ് . എട്ട് ഡോക്ടർമാർ വേണ്ടിടത്ത് അഞ്ച് ഡോക്ടർ മാത്രമുള്ള ഹെൽത്ത് സെന്ററിൽ ഡോക്ടർമാരുടെ മികവുറ്റ സേവനമാണ് ജനങ്ങളുടെ ഏക ആശ്വാസം.. എങ്കിലും സർക്കാർ സംവിധാനങ്ങളുടെ പൂർണ്ണമായ പ്രയോജനം നാടിന് കിട്ടണമെങ്കിൽ ഇനി ജനപ്രതിനിധികളുടെ കൂടി മനസലിയണം എന്നതാണ് സ്ഥിതി.