എം.ജി സർവകലാശാലയിലെ ഗവേഷക വിദ്യാർഥികൾക്ക് ഫെലോഷിപ്പ് മുടങ്ങിയിട്ട് ഇരുപത്തിയഞ്ച് മാസം. പല തവണ വിദ്യാർഥികൾ സർവകലാശാലയെ സമീപിച്ചിട്ടും അനുകൂലമായ തീരുമാനമുണ്ടായില്ല. പ്രതിസന്ധി രൂക്ഷമായതോടെ സർവ്വകലാശാലയ്ക്കെതിരെ SFI അനിശ്ചിതകാല സമരത്തിലാണ്.
ഇടത് നിയന്ത്രണത്തിലുള്ള സിൻഡിക്കേറ്റിനും സർവകലാശാലയ്ക്കുമെതിരെയാണ് എസ്എഫ്ഐയുടെയും ഇടത് ഗവേഷക വിദ്യാർഥി സംഘടനയുടെയും സമരം. സർവകലാശാലയുടെ ബജറ്റിൽ അഞ്ച് കോടി രൂപയാണ് ഗവേഷകരുടെ ഫെലോഷിപ്പിനായി അവസാന വർഷം വകയിരുത്തിയത്. എന്നാൽ ഓരോ മാസം കഴിയുന്തോറും പണം പ്രതീക്ഷിക്കുന്ന വിദ്യാർഥികൾക്ക് നിരാശയാണ് ഫലം.
പല തവണ വൈസ് ചാൻസലർക്കും സിൻഡിക്കേറ്റിനും നിവേദനങ്ങൾ കൊടുത്തു, സൂചന സമരങ്ങൾ നടത്തി. ഒടുവിലാണ് അനിശ്ചിതകാല സമരത്തിലേക്കിറങ്ങിയത്. ഫെലോഷിപ്പിന് പുറമെ ലൈബ്രറിയുടെ പ്രവർത്തനം 24 മണിക്കൂർ ആക്കണം, എസ്എടി സംവരണത്തിലെ അപാകതകൾ പരിഹരിക്കണം, മതിയായ ഹോസ്റ്റൽ സൗകര്യം ഒരുക്കണം തുടങ്ങിയ ആവശ്യങ്ങളും വിദ്യാർഥികൾ മുന്നോട്ട് വയ്ക്കുന്നു. ഇന്ന് ചേരുന്ന സിൻഡിക്കേറ്റിൽ പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നാണ് സർവകലാശാലയുടെ വിശദീകരണം