തൃശൂര്‍ ചെറുതുരുത്തിയില്‍ കോഴിഫാമില്‍ രഹസ്യമായി സൂക്ഷിച്ച ഒരുലക്ഷം പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. രണ്ടു പേരെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതുരുത്തി പള്ളിക്കല്‍ എക്സല്‍ കോഴി ഫാമില്‍ വന്‍തോതില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിരുന്നതായി കുന്നംകുളം ഡിവൈ.എസ്.പി: സി.ആര്‍.സന്തോഷ് കുമാറിന് രഹസ്യവിവരം ലഭിച്ചിരുന്നു. ചെറുതുരുത്തി എസ്.ഐ: വി.ആര്‍.നിഖിലും സംഘവും കോഴിഫാം വളഞ്ഞു. പൊലീസ് എത്തുന്ന സമയത്ത്, വാഹനവും നിര്‍ത്തിയിട്ടിരുന്നു. ഈ വാഹനത്തില്‍ നിന്ന് പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചു. 

ഇതിനു പുറമെ, 150 ചാക്കുകളിലായി വേറെയും പുകയില ഉല്‍പന്നങ്ങള്‍. ഫാമിന്റെ നടത്തിപ്പുകാരായ ചാത്തന്നൂര്‍ സ്വദേശി അമീന്‍, പട്ടാമ്പി സ്വദേശി ഉനൈസ് എന്നിവരെ പൊലീസ് പിടികൂടി. തൃശൂര്‍, പാലക്കാട് ജില്ലകളിലായി വിതരണം ചെയ്യാന്‍ കോഴിഫാമില്‍ സൂക്ഷിച്ചതായിരുന്നു പുകയില ഉല്‍പന്നങ്ങള്‍. 

ഇത്തരം ഉല്‍പന്നങ്ങളുടെ വില്‍പന നേരത്തെതന്നെ നിരോധിച്ചിട്ടുള്ളതാണ്. അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമായി ഇത്തരം ഉല്‍പന്നങ്ങളുടെ ഉപയോഗമുണ്ട്. ഇതിനു പുറമെ, വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുമാണ് വില്‍പനയെന്ന് പൊലീസ് പറഞ്ഞു. ഫാം താല്‍ക്കാലികമായി അടച്ചു. 

ENGLISH SUMMARY:

Police found one lakh tobacco packets in poultry farm