ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയന്‍റെ അമ്മ കൊച്ചമ്മുവിന്റെ ഓർമയ്ക്കായി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിന് തൃശൂരിൽ ഇന്ന് തുടക്കം. പതിനാറു ടീമുകൾ പങ്കെടുക്കും.
ജീവിത പ്രതിസന്ധികൾക്കിടയിലും ഏറെ കഷ്ടപ്പെട്ട് ഐ എം വിജയനെ വളർത്തിയ അമ്മ കൊച്ചമ്മുവിന്റെ ഓർമയ്ക്കായാണ് ഈ ടൂർണമെന്റ്. ഉഷ എഫ്‌സി സംഘടിപ്പിക്കുന്ന പ്രഥമ കൊച്ചമ്മു മെമ്മോറിയൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് തൃശൂർ കോർപറേഷൻ പാലസ് ഗ്രൗണ്ടിൽ തുടക്കമാകും. 16 ടീമുകൾ അണിനിരക്കും . ഏപ്രിൽ ആറിന് സമാപിക്കും. പ്രതിദിനം രാത്രി എട്ട് മണിക്കാണ് മത്സരം. 60 രൂപയാണ് ടിക്കറ്റ് നിരക്ക്. സീസൺ ടിക്കറ്റിന് 600 രൂപയും. 3500 പേർക്ക് കളി കാണാനുള്ള ഗാലറി ഒരുക്കിയിട്ടുണ്ട്.
‘കാൽപന്താണ് ലഹരി’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് മത്സരം സംഘടിപ്പിക്കുന്നത്. ടൂർണമെന്റിന്റെ ഉദ്‌ഘാടനം ഇന്നു രാത്രി ഏഴരയ്‌ക്ക് മന്ത്രി കെ രാജൻ നിർവഹിക്കും.