തൃശൂർ പടിയൂർ പഞ്ചായത്തിലെ മഴുവഞ്ചേരി തുരുത്തിൽ കുടിവെള്ളം കിട്ടാതെ ജനം വലയുന്നു. ടാങ്കർ ലോറിയിൽ സന്നദ്ധ സംഘടനകൾ എത്തിക്കുന്ന കുടിവെള്ളമാണ് ആശ്രയം.
മഴുവഞ്ചേരി തുരുത്തിൽ 250 കുടുംബങ്ങളുണ്ട്. കിണറുകൾ ഇല്ലാത്ത തുരുത്ത് . സമീപത്തെ കനാലിൽ ഉൾപ്പെടെ മോശം വെള്ളമാണ്. ജല അതോറിറ്റിയുടെ പൈപ്പിൽ നേരത്തെ നന്നായി വെള്ളം കിട്ടിയിരുന്നു. ഒരിക്കൽ പൈപ്പ് പൊട്ടിയശേഷം വാൽവ് മാറ്റിയിരുന്നു. ഇതോടെ വെള്ളം വരുന്നതിന്റെ കനം കുറഞ്ഞു. കുടുംബങ്ങൾ ദുരിതത്തിലും. സംഘടനകൾ കൊണ്ടുവരുന്ന ലോറി വെള്ളമാണ് ആശ്രയം. ചിലർ പണം കൊടുത്തും വെള്ളം വാങ്ങുകയാണ്.
പൈപ്പ് വെള്ളം എത്തിക്കാൻ പഞ്ചായത്ത് ശ്രമം നടത്തുന്നുണ്ട്. ജലവിതരണ പൈപ്പിലെ പോരായ്മകൾ പരിഹരിക്കാൻ ജല അതോറിറ്റി തയ്യാറാകുന്നില്ലെന്ന് ആക്ഷേപം.