ദേശ ഭാഷാ വ്യത്യാസമില്ലാതെ സര്‍ഗാലയയില്‍ കരവിരുതിന്റെ കമനീയ കാഴ്ചകള്‍. വിദേശരാജ്യങ്ങളിലെ കലാകാരന്‍മാര്‍ക്കൊപ്പം കേരളത്തിന്റെ പൈതൃകം അടയാളപ്പെടുത്തുന്നതെല്ലാം മേളയുടെ ഭാഗമാണ്. വടകര ഇരിങ്ങലില്‍ പുരോഗമിക്കുന്ന ഏഴാമത് അന്താരാഷ്ട്ര കരകൗശല മേള വൈവിധ്യം കൊണ്ട് സമ്പന്നമാണ്. 

കൗതുകം തോന്നുന്ന സാധനങ്ങള്‍ നിര്‍മിക്കുന്നത് സമയമുണ്ടെങ്കില്‍ നേരിട്ട് കാണാം. അഞ്ഞൂറിലധികം കലാകാരന്‍മാരുടെ തല്‍സമയ നിര്‍മാണ മികവാണ് മേളയുടെ പ്രധാന കാഴ്ച. നിര്‍മാണവും വില്‍പനയുമെല്ലാം ഒരേയിടത്താണ്. സൗത്ത് ആഫ്രിക്ക, നേപ്പാള്‍, ശ്രീലങ്ക, ഉഗാണ്ട തുടങ്ങി നാല് വിദേശരാജ്യങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധരുടെ പങ്കാളിത്തം. മണ്‍ചട്ടി മുതല്‍ വസ്ത്രം വരെ നീളുന്ന കേരളത്തിന്റെ തനത് കരകൗശല പൈതൃക ഗ്രാമം, കളരിഗ്രാമം , കൈത്തറി ഗ്രാമം, തുടങ്ങിയവ മേളയിലുണ്ട്. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 

വടക്കന്‍ മലബാറിന്റെ വിനോദസഞ്ചാര സാധ്യത കൂടി കണക്കിലെടുത്താണ് 19 ദിവസത്തെ മേള സംഘടിപ്പിക്കുന്നത്. ഓഖി ദുരിതബാധിതര്‍ക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മേളയുടെ ലാഭവിഹിതം കൈമാറും