pattambi-bridge-t

കാലവര്‍ഷക്കെടുതിയില്‍ അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് ഗതാഗതം നിരോധിച്ച പട്ടാമ്പി പാലം ഉടന്‍ തുറക്കും.  കൈവരികള്‍ തകര്‍ന്നതൊഴിച്ചാല്‍ തൂണുകള്‍ക്ക് ബലക്ഷയമില്ലെന്നാണ് റിപ്പോര്‍ട്ട്. ഉപരിതലത്തിലെ കോണ്‍ക്രീറ്റിങ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് തീരുമാനം.

പൊതുമരാമത്ത് വിഭാഗത്തിന്റെ വിദഗ്ധ സംഘം നടത്തിയ പരിശോധനയില്‍ പാലത്തിന് വലിയ കേടുപാടില്ലെന്ന് ഉറപ്പാക്കിയിരുന്നു. തുടർന്ന് കാൽനടയാത്ര മാത്രം അനുവദിച്ചെങ്കിലും ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണം,പൂര്‍ണമായും തകര്‍ന്ന പാലത്തിന്റെ ൈകവരികള്‍ പുനസ്ഥാപിച്ചും പാലത്തിന്റെ ഉപരിതലത്തിലെ കോണ്‍ക്രീറ്റിങും പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് തീരുമാനം. 

ഭാരതപ്പുഴ കരകവിഞ്ഞൊഴുകിയപ്പോള്‍ പതിനൊന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് പട്ടാമ്പി പാലം വെളളത്തിലായത്. കഴിഞ്ഞ പത്തുദിവസമായി പാലത്തിലൂടെയുളള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്. അതേസമയം പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്‍ പ്രളയകാലത്ത് ഇറ്റലിയില്‍ സ്വകാര്യചടങ്ങിന് പോയത് വിവാദമായിരുന്നു. സ്ഥിതി മോശമായപ്പോള്‍ ജർമൻ യാത്ര ഒഴിവാക്കിയെന്നാണ് എംഎല്‍എയുടെ വിശദീകരണം.