endosulfan

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയായി പ്രഖ്യാപിച്ച 11 പഞ്ചായത്തുകള്‍ക്ക് പുറമെയുള്ള രോഗികളെ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പെടുത്തുമെന്ന  ഉറപ്പില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ട് പോയതോടെയാണ് വീണ്ടും സമരപ്രഖ്യാപനമുണ്ടായത്. 30 ന് സെക്രട്ടേറിയേറ്റിനു മുന്നില്‍  ദുരിതബാധിതരുടെ സത്യാഗ്രഹം ആരംഭിക്കും. ദുരിതബാധിതരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും ചര്‍ച്ച ചെയ്യുന്ന മനോരമ ന്യൂസ് നാട്ടുകൂട്ടം ഇന്നു രാത്രി ഏഴിന് കാണാം. 

 ഇതുപോലെ നിരവധി അമ്മമാരുടെ കണ്ണീരാണ് സമരത്തിന്റെ ഹേതു. ഉറപ്പുകളില്‍ നിന്ന് സര്‍ക്കാര്‍ പിറകോട്ടുപോയതോടെ സമരം മാത്രമായി ആശ്രയം. .മനോരമ ന്യൂസ് നാട്ടുകൂട്ടത്തിലും ഉയര്‍ന്നത് അമ്മമാരുടെ നിസഹായതും രോഷവുമായിരുന്നു. പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎം ജില്ലാകമ്മിറ്റിയഗം കെ.മണികണ്ഠന്‍ പറഞ്ഞു. 

11 പഞ്ചായത്തുകളില്‍ ഉള്ളരെ മാത്രമായി ദുരിതബാധിതരായി കണക്കാക്കുന്നത് അവസാനിപ്പിച്ച് യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്തിറങ്ങിയ ഉത്തരവ് തുടര്‍ന്ന് വന്ന സര്‍ക്കാര്‍ മുക്കിയെന്നായിരുന്നു ജില്ലാ പഞ്ചായത്തിന്റെ ആരോപണം.. ലൈഫ് പദ്ധതിയോടെ ദുരിതബാധിതര്‍ക്ക് ജില്ലാപഞ്ചായത്തിന്റെ വീടുനിര്‍മാണ പദ്ധതിയും നിലച്ചുവെന്നും വൈസ് പ്രസിഡന്റ ശാന്തമ്മ ഫിലിപ്പ് കുറ്റപെടുത്തി.

വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുകയാണെന്നാണ് എന്‍ഡോസള‍്‍ഫാന്‍ പീഡിത മുന്നണിയുടെ ആരോപണം. അതേസമയം  തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ദുരിതബാധിതര്‍ സമരത്തിനിറങ്ങുന്നത് തിരിച്ചടിയാകുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. സമരക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണ്. വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ ദുരിതബാധിതരെ ചര്‍ച്ചയ്ക്ക് വിളിക്കുമെന്നാണ് സൂചന.