അവധിക്കാലത്ത് അഭിനയ പരിശീലനത്തിനൊപ്പം ജീവിത മൂല്യങ്ങള്‍ കേട്ടും കണ്ടും അറിയാന്‍ ഒരു കളരി. നാടകം അന്യം നിന്നുപോകാനുള്ള കലാരൂപമല്ലെന്ന് ഓര്‍മപ്പെടുത്തി,, കോഴിക്കോട് പൂക്കാട് കലാലയത്തില്‍ അവധിക്കാല നാടകോല്‍സവത്തിന്റെ ഏഴാം പതിപ്പിന് തുടക്കമായി
മുദ്രകളിലൂടെ, ആംഗ്യത്തിലൂടെ, പാട്ടിലൂടെ, നടനഭാവങ്ങളിലൂടെ അരങ്ങിലേക്കെത്താന്‍ ചുവട് വയ്ക്കുന്നോര്‍. ഇവിടം വെറുമൊരു കളരിയല്ല. ജീവിതത്തിന്റെ അടുക്കും ചിട്ടയുമുള്‍പ്പെടെ പഠിച്ച് തുടങ്ങാനുള്ള യഥാര്‍ഥ തട്ടകം. യുവതലമുറ നവമാധ്യമങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നവരെന്ന വിമര്‍ശനം വെറുതെയാണ്.
ആറ് ദിവസം നീളുന്ന നാടക പരിശീലനത്തിനൊപ്പം പ്രമുഖരുമായുള്ള സല്ലാപം. വീടുകളിലൊരുക്കുന്ന കളിവീട്, നാടകാചാര്യന്‍മാരെ അനുസ്മരിക്കുന്ന നാടകപ്പുര, അമ്മയൂട്ട്, കുട്ടികളുടെ നാടകോല്‍സവം തുടങ്ങി കാഴ്ചകളേറെ.
ഒന്നു മുതല്‍ മൂന്ന് വരെ ക്ലാസുകളിലുള്ള കുരുന്നുകള്‍ക്കായി കുട്ടിക്കളിയാട്ടവും ഒരുക്കിയിട്ടുണ്ട്. അവധിക്കാലം കുട്ടികളെ രൂപപ്പെടുത്തുന്ന നേരം കൂടിയെന്ന ചിന്തയാണ് സംഘാടകര്‍ക്കുള്ളത്.