oneroad

കണ്ണൂര്‍ നഗരത്തിന്‍റെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായാണ് സിറ്റി റോഡ് ഇംപ്രൂവ്മെന്‍റ് പദ്ധതി നടപ്പാക്കുന്നത്. നഗരത്തിലെ പതിനൊന്ന് പ്രധാന റോഡുകളാണ് വികസിപ്പിക്കുക. 738 കോടിയുടെ പദ്ധതിയാണിത്.

ദേശീയപാതയിലെ മന്ന ജംങ്ഷന്‍ മുതല്‍ പുതിയതെരു, കാള്‍ടെക്സ്, താണ, ചൊവ്വ വഴി ചാല ജംങ്ഷന്‍ വരെയുള്ള പന്ത്രണ്ട് കിലോമീറ്റര്‍ ദൂരമാണ് വികസന പദ്ധതിയിലെ പ്രധാനഭാഗം. ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള ഭാഗങ്ങളും ഈ റോഡിലാണ്. പ്ലാസ് ജംഗ്ഷന്‍ ജെടിഎസ് റോഡ്, കൊറ്റാളി മുതല്‍ കണ്ണോത്തുംചാല്‍ വരെയുള്ള ഭാഗം, ചാലാട് നിന്നും പള്ളിക്കുന്ന് വഴി കുഞ്ഞിപ്പള്ളി വരെയുള്ള റോഡ്, തയ്യില്‍ തെക്കിപ്പീടിയ റോഡ് തുടങ്ങിയ പതിനൊന്ന് റോഡുകളാണ് വീതി കൂട്ടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നത്. 

ആറ് കിലോമീറ്ററോളം ഭാഗത്ത് മാത്രമാണ് സ്ഥലം ഏറ്റെടുക്കല്‍ ആവശ്യമില്ലാത്തത്. ചെലവഴിക്കുന്ന 738 കോടിയില്‍, 337 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനും 401 കോടി രൂപ റോഡ് നിര്‍മാണത്തിനുമായാണ് നീക്കിവച്ചിട്ടുള്ളത്.