ഏറ്റവും കൂടുതല്‍ സ്വര്‍ണവേട്ട നടത്തി സര്‍ക്കാരിനെ സാമ്പത്തികമായി സഹായിക്കുന്ന കരിപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ ജപ്തി ഭീഷണിയില്‍. കെട്ടിടം വാടകക്ക് നല്‍കിയ ഉടമയെടുത്ത ബാങ്ക് വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് ജപ്തി നോട്ടീസെത്തിയത്.
കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തുന്ന കളളക്കടത്തു സ്വര്‍ണം പിടികൂടി തല ഉയര്‍ത്തി നില്‍ക്കുന്ന പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത് ആഭ്യന്തര വകുപ്പിന്‍റെ ഭൂമിയില്‍ അല്ല. വാടകയ്ക്ക് നല്‍കിയ സ്വകാര്യ വ്യക്തി പതിനേഴര സെന്‍റ് ഭൂമിയും കെട്ടിടവും പണയപ്പെടുത്തി 5 കോടി 69 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഈ തുക തിരിച്ചടക്കാതെ വന്നതോടെയാണ് കനറ ബാങ്ക് ജപ്തി നടപടി ആരംഭിച്ചത്. പണം എത്രയും വേഗം തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോകാനാണ് ബാങ്കിന്‍റെ തീരുമാനം.
വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുപ്പ് പൂര്‍ത്തിയാകുബോള്‍ പൊലീസ് സ്റ്റേഷനും സ്വന്തം ഭൂമി കണ്ടെത്താനായിരുന്നു തീരുമാനം. ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടു പോയാല്‍ പൊലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനവും അവതാളത്തിലാകും. കഴിഞ്ഞ വര്‍ഷം മാത്രം കസ്റ്റംസ് പരിശോധനകളെ മറികടന്നെത്തിയ 50 കോടിയിലധികം രൂപയുടെ സ്വര്‍ണം പിടികൂടിയ പൊലീസ് സ്റ്റേഷനാണ് ഈ ദുര്‍ഗതി.
Karipur police station under threat of confiscation