വടക്കേ മലബാറിലെ ട്രെയിൻ യാത്ര വികസനത്തിന് നാഴികക്കല്ലാകുമായിരുന്ന കാഞ്ഞങ്ങാട് കാണിയൂർ റെയിൽ പാതയുടെ നിർമാണം ഉടൻ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു. പദ്ധതി യാഥാർഥ്യമായാൽ കാഞ്ഞങ്ങാട് നിന്ന് ബംഗാളൂരുവിലേക്ക് ആറ് മണിക്കൂറിനുള്ളിൽ എത്തിച്ചേരാം. കർണാടക പിൻമാറിയതോടെയാണ് പദ്ധതി പാതിവഴിയിലായത്.
കാഞ്ഞങ്ങാട് - കാണിയൂർ റെയിൽ പാത യാഥാർഥ്യമായാൽ യാത്രക്കാർക്ക് ബംഗാളൂരുവിലെത്താൻ ചെലവും സമയവും കുറയും. കാസർകോട് കാഞ്ഞങ്ങാട് നിന്നും തുടങ്ങി പാണത്തൂർ വഴി കാണിയൂരിലേക്കും അവിടെ നിന്ന് ബംഗളൂരുവിലേക്കുമാണ് പാത വിഭാവനം ചെയ്തത്. 2015 ലാണ് സർവേ നടപടികൾ പൂർത്തിയാക്കി പദ്ധതിക്ക് റെയിൽവേ അനുമതി നൽകിയത്. 1400 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ പകുതി തുക കേരള കർണാടക സർക്കാരുകൾ നൽകണമെന്നായിരുന്നു ധാരണ. എന്നാൽ പദ്ധതി കടന്നുപോകുന്നത് പരിസ്ഥിതി ലോല പ്രദേശത്തൂടെയാണെന്ന കാരണത്താൽ കർണാടക പിൻമാറുകയായിരുന്നു.
കർണാടകയുമായി ചർച്ച നടത്തി പദ്ധതി യാഥാർഥ്യമാക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല. പദ്ധതി യാഥാർഥ്യമായാൽ ദക്ഷിണേന്ത്യൻ നഗരങ്ങളെ കേരളവുമായി ബന്ധിപ്പിക്കുന്ന എളുപ്പവഴിയായി മാറും. പദ്ധതി യാഥാർഥ്യമാക്കാൻ കർണാടകയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തണമെന്നാണ് ഉയരുന്ന ആവശ്യം.
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ