വയനാട് അമ്പലവയലില്‍ വളര്‍ത്തുനായയെ പുലി പിടിച്ചു. ആറാട്ടുപാറ സ്വദേശി കേളുവിന്‍റെ വളര്‍ത്തുനായയെ ആണ് പുലി പിടിച്ചത്. ജനവാസമേഖലയിലെ പുലിയുടെ ആക്രമണത്തില്‍ ആശങ്കയിലാണ് നാട്ടുകാര്‍. 

ഇന്നലെ രാത്രി ഒരു മണിയൊടെയാണ് സംഭവം. വീടിനു പുറത്തുള്ള ഷെഡില്‍ കിടന്നിരുന്ന നായയെ പുലി പിടിക്കുകയായിരുന്നു. വീടിന്‍റെ അടുക്കള ഭാഗത്ത് ഒച്ച കേട്ട് പുറത്തിറങ്ങിയ കേളുവിന്‍റെ മുന്നിലൂടെയാണ് പുലി കടന്നുപോയത്. വീടിനുള്ളില്‍ കയറി വാതിലടച്ച് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വളര്‍ത്തുനായയെ പുലി പിടികൂടിയ സംഭവം അറിയുന്നത്. ജനവാസമേഖലയിലെത്തിയ പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. സി.സി.ടി.വി. ദൃശ്യങ്ങളും പ്രദേശത്തുനിന്ന് ലഭിച്ച കാല്‍പ്പാടുകളും സംഘം പരിശോധിച്ചു. പുലിയെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.