ലഹരി സംഘങ്ങള്‍ തമ്പടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് കോവൂര്‍–ഇരിങ്ങാടന്‍പള്ളി മിനി ബൈപ്പാസിലെ പാതിരക്കച്ചവടം തടഞ്ഞ് നാട്ടുകാര്‍. രാത്രി ഉടനീളം ഹോട്ടലുകള്‍ തുറന്നുവയ്ക്കുന്നത് ലഹരി സംഘങ്ങള്‍ക്ക് സഹായകരമാകുന്നുവെന്നാണ് ആക്ഷേപം. എന്നാല്‍ ലഹരിയുടെ പേരില്‍ ഹോട്ടലുകള്‍ അടപ്പിക്കുന്നത് ശരിയല്ലെന്നും വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്നും ഉടമകള്‍ പറയുന്നു.
കോവൂര്‍ ഇരിങ്ങാടന്‍പള്ളി ബൈപാസില്‍ സന്ധ്യയായാല്‍ വന്‍തിരക്കാണ്. നൈറ്റ് ലൈഫ് ആഘോഷിക്കാന്‍ എത്തുന്ന യുവാക്കളാണ് ഏറെയും. ഇതിന്‍റെ മറവില്‍ വ്യാപകമായ ലഹരിവില്‍പനയും നടക്കുന്നുണ്ട്. യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും ഇവിടെ പതിവാണ്. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ രംഗത്തിറങ്ങിയത്. കഴിഞ്ഞയാഴ്ച ലഹരി എത്തിക്കുന്ന ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചിരുന്നു. നാല്‍പതോളം ചെറുതും വലുതുമായി ഹോട്ടലുകള്‍ ഈ ഭാഗത്തുണ്ട്. ഇത്തരം കടകള്‍ പുലര്‍ച്ചെവരെ പ്രവര്‍ത്തിക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
എന്നാല്‍ ലഹരി സംഘങ്ങളുടെ പേരില്‍ കടകള്‍ അടപ്പിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. പ്രദേശത്ത് പൊലീസും എക്സൈസും പരിശോധന ശക്തമാക്കണമെന്നും അതിന് എല്ലാവിധ പിന്തുണയും നല്‍കാന്‍ തയാറാണന്നും കച്ചവടക്കാര്‍ പറയുന്നു. നാട്ടുകാരും കച്ചവടക്കാരും തമ്മിലുള്ള തര്‍ക്കം പതിവായതോടെ കൗണ്‍സിലര്‍ അടുത്തദിവസം യോഗം വിളിച്ചിട്ടുണ്ട്.