കണ്ണൂര്‍ ആലക്കോട്ടെ രയരോം കാക്കടവ് മേഖല സ്ഥിരം അപകടകേന്ദ്രമാകുന്നുവെന്ന് പരാതി. നിരവധി വാഹനങ്ങള്‍ സമീപകാലത്ത് അപകടത്തില്‍പെട്ടതോടെയാണ് നാട്ടുകാര്‍ ആശങ്ക പങ്കുവെയ്ക്കുന്നത്. അപകടസാധ്യത കുറയ്ക്കാന്‍ നടപടിവേണമെന്നാണ് ആവശ്യം.
ഇത് അടുത്തിടെ വേനല്‍മഴ പെയ്തപ്പോള്‍ നനഞ്ഞുകുതിര്‍ന്ന റോഡില്‍ കണ്ട അപകടം. പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് അടുത്തവീടിന്‍റെ മതിലും തകര്‍ത്താണ് നിന്നത്. ഭാഗ്യത്തിന് വലിയ അത്യാഹിതം ഒഴിവായി. വണ്ടിയിലുണ്ടായിരുന്ന ദമ്പതികള്‍ക്ക് അത്ഭുത രക്ഷയായിരുന്നു. ഇങ്ങനെ നിരവധി സംഭവങ്ങള്‍.. പ്രദേശത്ത് അപകടത്തില്‍പെട്ട് പലര്‍ക്കും പരുക്കേറ്റിട്ടുണ്ട്. സ്കൂള്‍ വിദ്യാര്‍ഥികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവങ്ങള്‍ വേറെ. ഇതിങ്ങനെ തുടര്‍ന്നാല്‍ സമാധാനം നഷ്ടപ്പെടുമെന്ന് നാട്ടുകാര്‍
ഏറെക്കാലമായുള്ള ആവശ്യത്തിനൊടുവിലാണ് റോഡില്‍ സൂചനാ ലൈനുകളിട്ടത്. എന്നാല്‍, അപകട സൂചനാ ബോര്‍ഡോ സിഗ്നലോ ഇല്ല. വാഹനങ്ങള്‍ ഇനിയും അപകടത്തില്‍പെടുന്നത് കാണാനാവില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ റോഡ് മാത്രമല്ല, അമിതവേഗവുമാണ് പല അപകടങ്ങള്‍ക്കും കാരണം.