Image Courtesy : Kishorekumar , Volley coach
കളത്തിൽ കൈക്കരുത്തിന്‍റെ ആവേശത്തിൽ കളിക്കാർ. ആ കരുത്ത് മനസിലും ശബ്ദത്തിലും ഏറ്റുവാങ്ങി തിങ്ങിനിറഞ്ഞ് ആരാധകർ. പഴയകാലത്തെ ആ വോളിബോൾ ആവേശം ഏറ്റെടുക്കാന്‍ ഇന്ന് ആളുണ്ടോ എന്ന ചോദ്യത്തിന് നാദാപുരത്തുകാരുടെ മറുപടി സമൂഹമാധ്യമങ്ങളിലൂടെ ലോകം മുഴുവനും കണ്ടുകഴിഞ്ഞു. കളത്തിലിറങ്ങി കളിച്ചിട്ടുള്ളവര്‍ക്കും, കളി കണ്ടിരുന്നവര്‍ക്കും ഒരുപോലെ ആവേശവും പ്രതീക്ഷയും നല്‍കുന്നതായിരുന്നു നാദാപുരത്തെ കളി.
ഒരുപിടി മണലുവാരി ആകാശത്തേക്ക് എറിഞ്ഞാൽ അത് താഴെ വീഴാൻ പോലും സ്ഥലമില്ലാത്ത രീതിയിലാണ് നാദാപുരത്ത് ജനം തടിച്ചുകൂടിയത്. വോളിബോളെന്ന ലഹരിയാണ് ജനക്കൂട്ടത്തെ ഒന്നിപ്പിച്ചത്. നാദാപുരത്തിന്‍റെ ആവേശം വിളിച്ചോതി വോളിബോള്‍ കോച്ച് കിഷോര്‍കുമാര്‍ പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റ് ഇതിനകം വൈറലായിക്കഴിഞ്ഞു. കാര്യം ഇതൊക്കെയാണെങ്കിലും കായികപ്രേമികളുടെ മനസ്സുകളിൽനിന്ന് മാഞ്ഞുതുടങ്ങിയ ആ കാലം തിരിച്ചുവരുമോ എന്ന ചോദ്യം ബാക്കി.
കൈക്കരുത്തുകൊണ്ട് നാടിനെ ആവേശം കൊള്ളിച്ച സ്മാഷുകളുടെ ചരിത്രം മാത്രമല്ല കൈപ്പന്തു കളിക്കുള്ളത്. വോളിബോൾ മലയാളികളുടെ പ്രിയ വിനോദം മാത്രമായിരുന്നില്ല. അത് സമൂഹത്തിലും, കലാലയങ്ങളിലും ആവേശം നിറച്ച കൂട്ടായ്മ കൂടിയായിരുന്നു. ഉറച്ച മണ്ണിലും ചൊരിമണലിലുമെല്ലാം ആ ഉത്സാഹം നിറഞ്ഞുനിന്നു. അവിടങ്ങളിൽനിന്ന് തിളക്കമുള്ള മുത്തുകൾ കണ്ടെടുക്കാന്‍ കേരളത്തിനും കഴിഞ്ഞു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളേറെ ഉണ്ടായെങ്കിലും പന്തുയർത്താനുള്ള കൈകൾ തളരുന്ന കാഴ്ചയാണ് ചുറ്റിലും.
Indian volleyball player Jimmy George Photo re copy 01/12/2011_photo by Fahad Muneer
കരുത്തുണ്ടോ കേരളത്തിന്?
വോളിബോളിന്‍റെ കരുത്ത് ഇന്നും ബാക്കി നിൽക്കുന്നതിന്‍റെ തെളിവാണ് ദേശീയ ഗെയിംസിൽ കേരള വനിതാ ടീം ഒന്നാമതും പുരുഷ ടീം രണ്ടാമതുമെത്തിയത്. ഇന്ത്യ മൂന്ന് തവണ ഏഷ്യൻ ഗെയിംസ് മെഡൽ കരസ്ഥമാക്കിയപ്പോൾ മലയാളി താരങ്ങളുടെ മാറ്റുകൂടിയ പ്രകടനങ്ങളുടെ നേർക്കാഴ്ച അന്നെല്ലാം വെളിവായി. 1958 ടോക്യോ ഏഷ്യൻ ഗെയിംസിൽ വെങ്കലം കരസ്ഥമാക്കുമ്പോൾ ഭരതൻ നായരും വടകര അബ്ദുൾ റഹ്മാനും ടി.പി.പി.നായരും ടീമിലെ മുഖ്യ കണ്ണികളായിരുന്നു. ഇന്ത്യ വോളിബോളിൽ അവസാനം ഏഷ്യൻ ഗെയിംസ് മെഡൽ കരസ്ഥമാക്കിയത് 1986 ൽ സോളിലായിരുന്നു. വെങ്കലം നേടിയ ടീമിൽ നിരന്നത് സിറിൽ സി. വള്ളൂർ. ജിമ്മി ജോർജ്, ഉദയകുമാർ എന്നിവരൊക്കെ. ഈ പ്രകടനങ്ങളൊക്കെ ഇന്നും ആയിരങ്ങൾ യൂ ട്യൂബിൽ കണ്ട് ആവേശം കൊള്ളുന്നു. വോളിബോളിൽ അർജുന അവാർഡ് ലഭിച്ചിട്ടുള്ള 25 പേരിൽ എട്ടും മലയാളികളാണ്. കെ.സി ഏലമ്മയിലും ജിമ്മി ജോർജിലും തുടങ്ങി ഉദയകുമാറിലും കപിൽ ദേവിലുമെത്തി നിൽക്കുന്നു ആ പട്ടിക.
ഭൂതകാലപ്പെരുമയില്‍ നിന്ന് ഇന്നിലേക്ക്
ജോർജ് വക്കീലിന്‍റെ ബാലിശമായ വാശിയെന്ന് നാട്ടുകാർ മുദ്രകുത്തിയ മൺകോർട്ടിൽനിന്ന് അദ്ദേഹത്തിന്‍റെ മക്കളിലൊരാളായ ജിമ്മി രാജ്യത്തിന്‍റെ അതിരുകൾക്കപ്പുറം ഇന്ത്യൻ വോളിബോളിന്‍റെ മുഖമായി മാറി. തൊണ്ടിയിൽ എന്ന മലയോരഗ്രാമത്തിലെ അമച്വർ വോളിബോൾ ടൂർണമെൻറുകളിൽ തുടങ്ങി യൂറോപ്യൻ ലീഗ് വരെ നീണ്ട് ആരെയും മോഹിപ്പിക്കുന്നതായിരുന്നു ജിമ്മി ജോർജിന്‍റെ ജീവിതം. മരിക്കുമ്പോൾ ജിമ്മിയുടെ പ്രായം വെറും 32. പുതിയ തലമുറയിൽപ്പെട്ടവരൊന്നും ജിമ്മിയുടെ പ്രകടനം നേരിട്ട് കണ്ടിട്ടേയില്ല. പക്ഷേ പറഞ്ഞും കേട്ടും കാലങ്ങൾക്കിപ്പുറം ഇന്നും ആ കൈകാൽ ചലനങ്ങൾ മലയാളികളുടെ മനസിലുണ്ട്
K C ELAMMA
ഇരുകൈകളും കൊണ്ട് പന്തിനെ ചെറുത്ത് വലയ്ക്കിപ്പുറത്ത് തന്‍റെ ടീമിന് കവചം തീർത്ത കെ.സി ഏലമ്മ അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിതയായത് വോളിബോളിലൂടെയായിരുന്നു. നാമക്കുഴിയിലെ താരങ്ങളായിരുന്നു ഏലമ്മ, ഏലിയാമ്മ, സാറാമ്മ, അന്നക്കുട്ടി, അമ്മിണി, പി കെ ലീല, വി കെ ലീലാമ്മ എന്നിവർ. അവർ രക്തബന്ധമുള്ളവരായിരുന്നില്ല, പക്ഷേ അതിലും ആഴത്തിലുള്ള ബന്ധം അവർ തമ്മിലും നാടിനോടുമുണ്ടായിരുന്നു.
വോളിബോളിൽ ഏറ്റവും ഒടുവിലത്തെ അർജുന അവാർഡ് ജേതാവായ ടോം ജോസഫ്. സമൂഹമാധ്യമങ്ങൾ സജീവമാകുന്ന കാലത്താണ് വളർന്നുവന്നത്. എന്നിട്ടും സമൂഹം അദ്ദേഹത്തെ മനസ്സിലാക്കിയില്ല. ഇന്ന് കേരളത്തിലെ മികച്ച വോളിബോൾ താരം ആരെന്നതിന് കൃത്യമായ ഉത്തരമില്ല. എന്നാലും എറിൻ വർഗീസ്, കെ എസ് ജിനി, അനുശ്രീ കമ്പ്രത്ത്, മിനിമോൾ എബ്രഹാം, തുടങ്ങിയ യുവ കായിക താരങ്ങൾ കൈപ്പന്തുകളിക്ക് ഉണർവായി തുടരുന്നു.
കാലം മാറി കളി കാര്യമായി
വിനോദമെന്നതിനപ്പുറം അവസരങ്ങൾക്ക് വേണ്ടിയുള്ള മല്‍സരം കൂടിയായി കായകമേഖല വളർന്നപ്പോൾ അത്തരം അവസരങ്ങൾ ഉൾക്കൊള്ളുന്നതിൽ വോളിബോൾ പരാജയപ്പെട്ടു. കേരള വോളിബോൾ അസോസിയേഷന്‍റെ അംഗീകാരം റദ്ദാക്കപ്പെട്ടതു കാരണം കഴിഞ്ഞ മൂന്നു വർഷമായി കേരളത്തിലെ മിക്ക താരങ്ങൾക്കും ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുന്നില്ല. അംഗീകാരമില്ലാത്ത സർട്ടിഫിക്കറ്റുകളും നിഷേധിക്കപ്പെടുന്ന ഗ്രേസ് മാർക്കും യുവതലമുറയെ കൈപ്പന്തിൽനിന്ന് പിന്തിരിപ്പിക്കുന്നു. ഏകോപനമില്ലാതെ മത്സരങ്ങളും ലഭിക്കാത്ത ഗ്രേസ് മാർക്കും സർട്ടിഫിക്കറ്റുകളും കിട്ടാത്ത ജോലിയുമെല്ലാം കുട്ടികളെ കളിയിൽനിന്ന് അകറ്റുന്നു. കോളജ് പ്രവേശനവും ജോലി അടക്കമുള്ള പ്രോല്‍സാഹനങ്ങളുമില്ലാതെ വോളിബോൾ നശിക്കുകയാണിവിടെ. പ്രൈം വോളി പോലുള്ള പ്രധാന മത്സരങ്ങളിൽപോലും മലയാളി സാന്നിധ്യം കുറയുന്നു. അത്ലറ്റിക്സിലെപ്പോലെ വോളിബോളിലും കേരളത്തിന്‍റെ ഭാവി ചോദ്യം ചെയ്യപ്പെടുകയാണ്.