TOPICS COVERED

കശുമാങ്ങയില്‍ നിന്ന് കാര്‍ബണേറ്റ് ചെയ്ത പാനീയം നിര്‍മിക്കുന്ന പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍റെ ഫാക്ടറി കാസർകോട് മുളിയാറില്‍ പ്രവര്‍ത്തനം തുടങ്ങി. കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഓസിയാന എന്ന പേരിലാണ് പാനീയം വിപണിയില്‍ എത്തിക്കുന്നത്.

കശുമാങ്ങയിൽ നിന്നൊരു പാനീയം. സോഫ്റ്റ് ഡ്രിങ്കിന്റെ പേര് ഓസിയാന. കശുമാവിന്‍റെ ശാസ്ത്രീയ നാമമായ അനാര്‍കാഡിയം ഓക്സിഡന്‍റലില്‍ നിന്നാണ് പേരിന്‍റെ പിറവി. കശുവണ്ടി സംഭരണത്തിന് ശേഷം ഉപേക്ഷിക്കുന്ന കശുമാങ്ങ ഉപയോഗപ്പെടുത്തിയാണ് പാനീയം നിര്‍മിക്കുന്നത്. അത്യാധുനിക ഉപകരണങ്ങളുമായി മുളിയാറിലാണ് പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍റെ ഫാക്ടറി. മുന്നൂറ് മില്ലിയുടെ പാക്കറ്റിലാണ് പാനീയം പുറത്തിറങ്ങുന്നത്. വില 25 രൂപ. 

കൃത്രിമ രുചിയോ മണമോ ചേര്‍ക്കാത്ത പാനീയത്തില്‍ കശുമാങ്ങയുടെ സ്വാഭാവിക ഗുണങ്ങള്‍ നിലനിര്‍ത്തിയാണ് നിര്‍മാണം. സീസണില്‍ കശുമാങ്ങ സംഭരിച്ച് സിറപ്പ് രൂപത്തിലാക്കും. പിന്നീട് ആവശ്യാനുസരണം കാര്‍ബണേറ്റ് ചെയ്ത് പാനീയമാക്കി വിപണിയില്‍ എത്തിക്കും.

ENGLISH SUMMARY:

Plantation Corporation's factory, which manufactures carbonated drink from cashew mangoes, has started operations at Kasargod