കാസർകോട് മഞ്ചേശ്വരം വാമഞ്ചൂരിൽ കാർ ഡിവൈഡറിൽ ഇടിച്ച് അച്ഛനും മകനുമടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം. പൈവളിഗെ ബായിക്കട്ട സ്വദേശികളായ ജനാർദന, മകൻ അരുൺ, സുഹൃത്ത് കൃഷ്ണകുമാർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ കർണാടക ഉപ്പിനങ്ങാടി സ്വദേശി രത്തൻ മംഗളൂരുവിലെ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു അപകടം. ഉപ്പള ഭാഗത്ത് നിന്ന് മംഗളൂരൂ ഭാഗത്തേക്ക് പോയ കാറാണ് അപകടത്തിൽ പെട്ടത്. അമിത വേഗതയിലായിരുന്ന വാഹനം വാമഞ്ചൂർ പാലത്തിന്‍റെ കൈവരിയിൽ ഇടിച്ച് തകർന്നു. വാഹനത്തിന്‍റെ ഭാഗങ്ങൾ ചിതറിത്തെറിച്ചു. അപകടത്തിൽ പൈവളിഗ ബായിക്കട്ട സ്വദേശികളായ ജനാർദ്ദന, മകൻ അരുൺ, ബന്ധു കൃഷ്ണകുമാർ എന്നിവർ റോഡിലേക്ക് തെറിച്ച് വീണ് അപകടസ്ഥലത്ത് വച്ചുതന്നെ മരിക്കുകയായിരുന്നു.
വാഹനത്തിനകത്ത് കുടുങ്ങിയ കർണാടക ഉപ്പിലങ്ങാടി സ്വദേശി രത്തനെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ദേശീയപാത നവീകരണത്തിന്‍റെ ഭാഗമായി മൂന്നു വരിയായി വരുന്ന റോഡ് പാലത്തിനടുത്ത് എത്തുമ്പോൾ രണ്ടു വരിയായി ചുരുങ്ങുന്നതും, മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കാലപ്പഴക്കം ചെന്ന വാഹനത്തിന് മറ്റെന്തെങ്കിലും തകരാറുണ്ടോയെന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധിക്കുന്നുണ്ട്.