vadakra-nh

TOPICS COVERED

കോഴിക്കോട്  വടകര മുക്കാളിയില്‍  ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദര്‍ശിച്ച് പ്രൊജക്റ്റ് മാനേജറും കെ കെ രമ എംഎല്‍എയും. മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ സ്ഥലം ഏറ്റെടുത്ത് തുടര്‍നടപടി സ്വീകരിക്കാനാണ് ഉന്നതതലയോഗത്തിലെ തീരുമാനം.

 

അപകടഭീഷണി നേരിടുന്ന അഞ്ച് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ച് ഭൂമി ഏറ്റെടുത്ത് സര്‍ക്കാരില്‍ റിപ്പോര്‍ട്ട് സമര്‍‌പ്പിക്കാന്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തി. 

സംരക്ഷണഭിത്തി തകര്‍ന്നതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കും. ഭിത്തി തകര്‍ന്ന ഭാഗത്ത് അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കും. അഴിയൂര്‍ മുതല്‍ മൂരാട് വരെയുള്ള സര്‍വീസ് റോഡിന്‍റെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ കോണ്‍ക്രീറ്റ് ഭിത്തിയും മണ്ണും തിരക്കേറിയ പാതയിലേക്ക് ഇടിഞ്ഞു വീണതോടെയാണ് യാത്രക്കാരും നാട്ടുകാരും ഭീതിയിലായത്. സ്ഥലം സന്ദര്‍ശിക്കാന്‍ സാങ്കേതിക വിദഗ്ധര്‍ എത്താന്‍ വൈകിയതോടെ നാട്ടുകാര്‍‌ ചൊവ്വാഴ്ച ദേശീയ പാത ഉപരോധിച്ചിരുന്നു. കനത്ത മഴപെയ്താല്‍ ഇനിയും മണ്ണിടിയാന്‍ സാധ്യതയുണ്ട്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പാതകൂടിയാണിത്.