ലഹരിക്കടിമകളായവരെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ തുടങ്ങിയ ചികില്‍സാകേന്ദ്രം ലഹരിസംഘങ്ങളുടെ താവളമായാലോ. കോഴിക്കോട് ബീച്ച് ആശുപത്രിയുടെ അനുഭവമാണിത്. ആശുപത്രി പരിസരത്താണ് ലഹരിമുക്തകേന്ദ്രമായ ഒ.എസ്.ടി ക്ലിനിക്. ഇവിടെ പട്ടാപ്പകല്‍ പോലും ലഹരിസംഘങ്ങളുടെ വിളയാട്ടമാണ്. ലഹരി വില്‍പനയും ഉപയോഗവുമെല്ലാം തകൃതി. ഇതിന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസ് പകര്‍ത്തി. വിവരം അറിഞ്ഞെത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ ഈ കാഴ്ചയൊക്കെ കണ്ടിട്ടും ഇടപെടാതെ മടങ്ങി.
ബീച്ച് ആശുപത്രിയില്‍ ദിവസേന ചികില്‍സ തേടിയെത്തുന്ന നൂറുകണക്കിന് രോഗികളുടെ സുരക്ഷയ്ക്കും ഭീഷണിയാണ് ഈ നിയമലംഘനം. ഞങ്ങള്‍ ക്യാമറയുമായി നില്‍ക്കുമ്പോള്‍ത്തന്നെയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ എത്തിയത്. പരിസരത്തുനിന്ന യുവാക്കള്‍ ലഹരി ഉപയോഗിക്കുകയാണെന്ന് വ്യക്തമായിട്ടുപോലും അവരോട് ഒരക്ഷരം ചോദിക്കാതെ ഉദ്യോഗസ്ഥര്‍ സ്ഥലംവിട്ടു.
ഒഎസ്ടി ക്ലിനിക്കിലേക്കെന്ന് പറഞ്ഞാണ് പലരും ഇവിടേക്ക് എത്തുന്നത്. പരിസരത്ത് ഒരിടത്തും സിസിടിവി ക്യാമറകള്‍ ഇല്ല. ലഹരിചികില്‍സ കേന്ദ്രം ഇവിടെ നിന്ന് മാറ്റിയാല്‍ പ്രശ്നം പരിഹാരിക്കാനാകുമെന്ന് ജീവനക്കാര്‍ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പലതവണ ജില്ലാ കലക്ടറെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്ന് പരാതിയുണ്ട്.